ലഖ്നൌ: ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞു. സംഭവത്തിൽ ഭാര്യ ദുലാരോ ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ പിലിഭിത്തിൽ ആണ് സംഭവം. ഗജ്‌റൗള മേഖലയിലെ ശിവനഗർ സ്വദേശിയായ രാം പാലാണ് (55) കൊല്ലപ്പെട്ടത്. ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് മഴു ഉപയോഗിച്ച് അഞ്ച് കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയ ശേഷം കനാലിൽ തള്ളുകയായിരുന്നു.
ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം സമീപത്ത് താമസിച്ചിരുന്ന മകൻ സൺ പാലാണ് പിതാവ് രാംപാലിനെ കാണാനില്ലെന്ന് ആദ്യം അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ കണ്ടെത്താത്തതിനെ തുടർന്ന്, പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാം പാലിന്റെ ഭാര്യ ദുലാരോ ദേവി കുറച്ചു ദിവസങ്ങളായി ഭർത്താവിന്റെ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ദുലാരോ ദേവി ഗ്രാമത്തിൽ തിരിച്ചെത്തിയത്. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിതോടെ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ദുലാരോ ദേവി താനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തി.
ഉറങ്ങിക്കിടന്ന രാം പാലിനെ പുതപ്പും കയറും ഉപയോഗിച്ച് കട്ടിലിൽ കെട്ടിയിട്ടു. പിന്നീട് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. മഴു ഉപയോഗിച്ച് തന്നെ ശരീരഭാഗം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി സമീപത്തെ കനാലിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്ന് പൊലീസിനോട് പറഞ്ഞു. കനാലിൽ നിന്നും രാം പാലിന്റെ ശരീരഭാഗങ്ങൾ വീണ്ടെടുക്കാൻ മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചയാളുടെ രക്തം പുരണ്ട വസ്ത്രങ്ങളും മെത്തയും കനാലിൽ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ വിശദമായ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന് മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments