മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നത് തീർച്ചയായും സമ്മർദ്ദത്തിന് ഇടയാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് മുടി കൊഴിച്ചിൽ. മുടി കൊഴിച്ചിൽ രൂക്ഷമാകുന്നതിന് അനുസരിച്ച് അത് വ്യക്തിയുടെ ആത്മവിശ്വാസത്തെയും മാനസികനിലയെയുമെല്ലാം ബാധിക്കാം. മുടി കൊഴിച്ചിൽ പരിഹരിക്കുന്നതിനാണെങ്കിൽ പല മാർഗങ്ങളും തേടുന്നവരുണ്ട്. ചിലർ മുടിയിൽ തേക്കുന്ന എണ്ണ മാറ്റിനോക്കും, മറ്റ് ചിലരാകട്ടെ ഹെയർ കെയർ ഉത്പന്നങ്ങൾ മാറ്റിനോക്കും. പോഷകസമൃദ്ധമായ ആഹാരവും മുടിയുടെ സംരക്ഷണത്തിന് പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളായ പ്രോട്ടീന്റെയും ബയോട്ടിന്റെയും മികച്ച ഉറവിടമാണ് മുട്ട. കെരാറ്റിൻ എന്ന ഹെയർ പ്രോട്ടീന്റെ ഉൽപാദനത്തിന് ബയോട്ടിൻ അത്യന്താപേക്ഷിതമാണ്. അതിനാലാണ് മുടി വളർച്ചയ്ക്കായി ബയോട്ടിൻ സപ്ലിമെന്റുകൾ പലപ്പോഴും വിപണിയിൽ എത്തുന്നത്. കൂടുതൽ ബയോട്ടിൻ കഴിക്കുന്നത് മുടി വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഫോളേറ്റ്, അയേൺ, വിറ്റാമിൻ എ, സി എന്നിവയുടെ മികച്ച ഉറവിടമാണ് പച്ചച്ചീര. തലമുടിയുടെ വളർച്ചയെ സഹായിക്കുന്നവയാണ് ഈ പോഷകങ്ങളെല്ലാം. ചർമം എണ്ണമയമുള്ളതാക്കി മാറ്റുന്ന സെബം എന്ന ഘടകം ഉത്പാദിപ്പിക്കുന്നതിന് വിറ്റാമിൻ എ സഹായിക്കുന്നു.
ധാരാളം ജലാംശം അടങ്ങിയ ഒരു ഫലമാണ് തണ്ണിമത്തൻ. നിർജലീകരണം തടഞ്ഞ് തലമുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് തണ്ണമത്തൻ സഹായിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് തണ്ണിമത്തൻ മികച്ചതാണ്.
ബെറികളിൽ മുടി വളർച്ചയെ സഹായിക്കുന്ന ഗുണം ചെയ്യുന്ന സംയുക്തങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള വിറ്റാമിൻ സി ഇതിൽ ഉൾപ്പെടുന്നു.
Post Your Comments