മുടിയുടെ ഭംഗിയ്ക്കും അഴകിനുമായി എന്തെല്ലാം പരീക്ഷണങ്ങള്‍ നടത്താമോ അതെല്ലാം നടത്തുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. എന്നാല്‍, അവര്‍ ആഗ്രഹിച്ച ഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ഉള്ള മുടി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് മിക്കവാറും ഉണ്ടാകാറ്. മുടിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചിലും അകാല നരയും. ഈ പ്രശ്നങ്ങളില്‍നിന്ന് രക്ഷ നേടാന്‍ മുടിയ്ക്ക് പുറമേനിന്ന് നല്‍കുന്ന പരിചരണം പോലെ തന്നെ ആവശ്യമാണ് മുടി വളര്‍ച്ചയെ സഹായിയ്ക്കുന്ന ഭക്ഷണം കഴിയ്ക്കുക എന്നതും.
നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഭക്ഷണക്രമത്തില്‍ അല്പം കൂടി ശ്രദ്ധിക്കാം. ആരോഗ്യകരവും ശക്തവുമായ മുടിക്ക് കഴിയ്ക്കാം ഈ 5 സൂപ്പർ ഫുഡുകൾ. അവ ഏതൊക്കെയെന്ന് നോക്കാം.
ഇലക്കറികൾ: നമ്മുടെ ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. മുടി കൊഴിയാനും ഇത് വഴി തെളിക്കുന്നു. മുടിയുടെ കോശങ്ങൾക്ക് ആവശ്യമായ ഇരുമ്പ് ചീരയിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഭക്ഷണക്രമത്തില്‍ ചീര ഉള്‍പ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയെ സഹായിയ്ക്കും.
സിട്രസ് പഴങ്ങൾ: ഇരുമ്പ് ശരിയായി ആഗിരണം ചെയ്യാൻ ഒരാൾക്ക് വിറ്റാമിൻ സി ആവശ്യമാണ്. അതിനാൽ, സിട്രസ് പഴങ്ങൾ കഴിക്കേണ്ടത് ആവശ്യമാണ്. വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു, ഇത് മുടിയുടെ വേരുകളുമായി ബന്ധിപ്പിക്കുന്ന കാപ്പിലറികളെ ശക്തമാക്കുകയും മുടി വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
അവോക്കാഡോ: ഇവ രുചികരവും ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടവുമാണ്. അവയിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ സഹായിക്കും.
ബീൻസ്: ബീൻസ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി വളര്‍ച്ചയെ സഹായിയ്ക്കും. അതായത്, ബീന്സില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്, മുടി വളർച്ചയെ വേഗത്തിലാക്കാൻ ഇത് സഹായിക്കുന്നു.
മധുരക്കിഴങ്ങ്: മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ ഘടന നിലനിർത്താനും വളർച്ചയെ സഹായിക്കാനും സഹായിക്കുന്ന ബീറ്റാ കരോട്ടിൻ മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്.
Post Your Comments