പാലക്കാട്: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന വിവാദ പ്രസംഗം നടത്തിയ സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി. ജയരാജനെതിരെ സന്ദീപ് വാര്യർ. യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരുമെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. പി ജയരാജന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏത് നീക്കത്തേയും ജനം പ്രതിരോധിക്കുമെന്നായിരുന്നു പി ജയരാജന്റെ മുന്നറിയിപ്പ്. തലശ്ശേരിയില്‍ നടന്ന സേവ് മണിപ്പൂര്‍ പരിപാടിയിലാണ് ജയരാജന്റെ പരാമര്‍ശം. ഗണപതിയെ അപമാനിച്ച് സംസാരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷ് ഷംസീറിനെതിരെ തലശ്ശേരിയില്‍ പ്രസംഗിച്ചിരുന്നു. ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്റ പരാമര്‍ശം.
ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നും, കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു. എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും ഗണേഷ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ജൂലൈ 21 ന് കുന്നത്തുനാട് ജി എച്ച് എസ് എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ ഹിന്ദുദൈവ സങ്കൽപങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരെ സ്പീക്കർ സംസാരിച്ചതിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.
Post Your Comments