ഡൽഹി: ഇന്ത്യയുടെ അന്തസും അഭിമാനവും സംരക്ഷിക്കാൻ നിയന്ത്രണ രേഖ മറികടക്കാനും രാജ്യം തയ്യാറാണെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തെ പൗരന്മാർ യുദ്ധത്തിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വർഷത്തിലേറെയായി റഷ്യ – ഉക്രൈൻ യുദ്ധം നടക്കുന്നുണ്ട്. അവിടെത്തെ പൗരന്മാർ അതിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
24-ാമത് കാർഗിൽ വിജയ് ദിവസിനോട് അനുബന്ധിച്ച് കാർഗിൽ യുദ്ധ സ്മാരകത്തിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. 1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മാരകത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.
കാർഗിൽ യുദ്ധം ഇന്ത്യയുടെ മേൽ അടിച്ചേൽപ്പിച്ചതാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘നമ്മളെ പാകിസ്ഥാൻ പിന്നിൽ നിന്ന് കുത്തുകയായിരുന്നു. യുദ്ധം ഇന്ത്യയുടെ മേൽ അടിച്ചേൽപ്പിച്ചു. രാജ്യത്തിന് പ്രാധാന്യം നൽകി യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരരായ ജവാന്മാരെ ഞാൻ അഭിവാദ്യം ചെയ്യുന്നു.’ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
Post Your Comments