തിരുവനന്തപുരം: സംസ്ഥാനത്തു സാമ്പത്തിക ഞെരുക്കം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സാമ്പത്തികനയങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതിനൽകി. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഫയലിൽ ഒപ്പിട്ടത്. കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കബിൽ സിബലിനെ ചുമതലപ്പെടുത്താനാണ് ആലോചന.
കേന്ദ്രം സംസ്ഥാനത്തിന്റെ വായ്പപ്പരിധി വെട്ടിക്കുറച്ചതും കടം സംബന്ധിച്ച നിർവചനങ്ങളിൽ മാറ്റംവരുത്തി മറ്റ് ഏജൻസികൾ എടുക്കുന്ന വായ്പയും ട്രഷറി നിക്ഷേപങ്ങളും സർക്കാരിന്റെ കടമയായി കണക്കാക്കുന്നതുമാണ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യുന്നത്. കേരളത്തിന്റെ വായ്പപരിധി കൂട്ടാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചിരുന്നു.
നിയമനടപടിയുടെ സാധ്യതയെപ്പറ്റി മുൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം സർക്കാർ തേടിയിരുന്നു. അനുകൂലമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. തുടർനടപടികൾക്ക് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെയും ധനവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിനെയും ചുമതലപ്പെടുത്തി.
Post Your Comments