ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പോക്സോ കോടതിയിലെ ജീവനക്കാരിയുടെ സ്കൂട്ടർ തന്ത്രപൂർവം കവർന്ന് കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ. ആമ്പലൂർ വെണ്ടോർ മേലേപുത്തൻവീട്ടിൽ അഞ്ചലീനെയാണ് (25) അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി ടി. കെ. ഷൈജുവിന്റെ നിർദേശപ്രകാരം സി.ഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ഇത്തരം വാഹനങ്ങള്‍ക്ക് നിയന്ത്രണം, വിശദാംശങ്ങള്‍ അറിയാം
പുതുക്കാട് സ്റ്റേഷനിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ പ്രതി ജീവനക്കാരിയുടെ സ്കൂട്ടറിന്റെ താക്കോൽ കവർന്ന് വണ്ടിയുമായി കടന്നുകളയുകയായിരുന്നു. സി.സി ടി.വി കാമറകളുടെയും എ.ഐ കാമറകളുടെയും സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതി കുറ്റിപ്പുറത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം അതിസാഹസികമായിട്ടാണ് പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച വണ്ടിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി 13 കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ എം.എസ്. ഷാജൻ, സി.എം. ക്ലീറ്റസ്, ഉദ്യോഗസ്ഥരായ കെ.ആർ. സുധാകരൻ, പ്രസന്നകുമാർ, സജു, രാജശേഖരൻ, ഷാബു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments