ഇടുക്കി: വസ്തു പോക്കുവരവ് ചെയ്ത് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ക്ക് 3 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരന് നായർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമെ 5,000 രൂപ പിഴയും പ്രതി അടയ്ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
2009 ജൂലൈ മാസം 30-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. 2008-2009 കാലയളവിൽ ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർ പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. പണം വാങ്ങുന്നതിനിടെ ഇടുക്കി വിജിലൻസ് മുൻ ഡിവൈ.എസ്.പി കെ.വി ജോസഫ് ഇയാളെ കൈയോടെ പിടികൂടി.
ഇടുക്കി മുൻ വിജിലൻസ് ഡിവൈ.എസ്.പി പി.റ്റി കൃഷ്ണൻകുട്ടിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിചാരണയ്ക്കൊടുവില് പ്രഭാകരൻ നായർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ളിക് പ്രോസിക്യൂട്ടർമാരായ രാജ് മോഹൻ ആർ. പിള്ള, വി.എ സരിത എന്നിവർ ഹാജരായി.
Post Your Comments