കല്‍പ്പറ്റ: പനമരം പഞ്ചായത്തിലുള്‍പ്പെട്ട കീഞ്ഞുകടവ് കാക്കത്തോട്ടില്‍ ടൗണില്‍ നിന്നുള്ള മാലിന്യം വാഹനത്തില്‍ കൊണ്ടുവന്ന് തള്ളുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിനെന്ന് മുമ്പ് പഞ്ചായത്ത് പറഞ്ഞ സ്ഥലത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ ബേക്കറി, ഹോട്ടല്‍ തുടങ്ങിയിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ അശാസ്ത്രീയമായി തള്ളിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ ദിവസം കീഞ്ഞുകടവില്‍ മാലിന്യവുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഹരിതകര്‍മസേനാംഗങ്ങള്‍ ശേഖരിക്കുന്നതും, പനമരം ടൗണിലെ മാലിന്യം കൊണ്ടുപോവുന്നതുമായ പഞ്ചായത്തിന്റെ ട്രാക്ടറാണ് തടഞ്ഞത്.
കാക്കത്തോട്ടിലേക്ക് മാലിന്യവുമായി അടുപ്പിച്ച് മൂന്ന് ലോഡെത്തിയതോടെ സംശയം തോന്നിയ നാട്ടുകാർ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ബേക്കറികളിലെയും ഹോട്ടലുകളിലെയും ഭക്ഷണാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ വാഹനം തടഞ്ഞിട്ടു. പ്രശ്‌നം രൂക്ഷമായപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡംഗവും പനമരം പൊലീസും സ്ഥലത്തെത്തി ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ മഴപെയ്താല്‍ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലമായതിനാലും കഴിഞ്ഞ പ്രളയങ്ങളുടെ രൂക്ഷത അനുഭവിച്ചതിനാലും ജനവാസമേഖലയില്‍ മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.
Post Your Comments