കോട്ടയം: ചിലയാളുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ നന്മ കൂടുതല്‍ തിരിച്ചറിയുകയെന്ന് നടനും സംവിധായകനുമായ ജോയി മാത്യു. രാഷ്ട്രീയക്കാർ മാതൃകയാക്കേണ്ട വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പുതുപ്പള്ളി ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ അപവാദം പറയുന്നവരെ ജയിലിലടയ്ക്കുന്ന ഒരു മുഖ്യമന്ത്രി അല്ലായിരുന്നു ഉമ്മൻ ചാണ്ടിയെന്നും രാഷ്ട്രീയക്കാർ നോക്കി പഠിക്കേണ്ട വ്യക്തിയാണ് അദേഹമെന്നും ജോയി മാത്യു കൂട്ടിച്ചേർത്തു.
‘ഇവിടെയെത്തുന്നത് രാഷ്ട്രീയക്കാരല്ല, മറിച്ച് സാധാരണ ജനങ്ങളാണ്. ജനങ്ങള്‍ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടെങ്കില്‍ അതില്‍ ഒരു നന്മയുണ്ട്. ആ നന്മ കുറച്ചുകാലംകൂടി ഈ പരിസരത്തുണ്ടാകുമെന്നതിനാലാണ് അധികം വൈകാതെ കല്ലറയില്‍ എത്തിയത്. ആ വ്യക്തിപ്രഭാവം മരിച്ച് കഴിഞ്ഞപ്പോഴാണ് കൂടുതല്‍ തിരിച്ചറിഞ്ഞത്. അത്തരം വ്യക്തികളുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. അങ്ങനെയുള്ള ആളിന്റെ മരണാനന്തരചടങ്ങിന്റെ തിരക്കില്‍പ്പെടാന്‍ ആഗ്രഹിച്ചില്ല. പക്ഷേ, എപ്പോഴെങ്കിലും വന്നില്ലെങ്കില്‍ കുറ്റബോധമുണ്ടാകും,’ ജോയി മാത്യു വ്യക്തമാക്കി.
Post Your Comments