തിരുവനന്തപുരം: അധികാര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാര്‍ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മണിപ്പൂരില്‍ നിന്ന് അനുദിനം ആശങ്കയുളവാക്കുന്ന വാര്‍ത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാന്‍ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേല്‍പ്പിച്ചുകൊണ്ട് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകള്‍ ആള്‍ക്കൂട്ട കലാപകാരികളാല്‍ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്’, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
‘മണിപ്പൂരിലെ പര്‍വത-താഴ്‌വര നിവാസികള്‍ തമ്മിലുള്ള ചരിത്രപരമായ വൈരുദ്ധ്യങ്ങള്‍ക്കുമേല്‍ എരിതീയില്‍ എണ്ണയൊഴിച്ച് അതിനെ വര്‍ഗീയമായി ആളിക്കത്തിക്കുകയാണ്. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവില്‍ നടക്കുന്നതെന്ന് വ്യക്തമാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങള്‍ സംഘടിതമായി ആക്രമിച്ചു തകര്‍ക്കപ്പെടുന്ന നിലയാണ്’.
‘സമാധാനം പുനഃസ്ഥാപിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ കലാപം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. മണിപ്പൂര്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാര്‍ അജണ്ടയും ശക്തമായി വിമര്‍ശിക്കപ്പെടുകയാണ്. വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്’, മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments