Latest NewsIndia

റോബര്‍ട്ട് വദ്രയുടെ കമ്പനികളുടെ സാമ്പത്തിക രേഖകള്‍ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടു: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

ഹരിയാന: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു പോയതായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) അറിയിച്ചു. 2008 മുതല്‍ 2012 വരെയുള്ള കാലയളവിലെ സാമ്പത്തിക ഇടപാടുകളുടെ നിര്‍ണായക രേഖകളാണ് ബാങ്ക് കെട്ടിടത്തിന്റെ ബേസ്മെന്റിൽ കയറിയ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടതെന്ന് ബാങ്ക് ഹരിയാന പോലീസിലെ പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചു.

അഴിമതി ആരോപണം ഉയര്‍ന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരേയും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെയുമുള്ള പരാതിയിന്മേലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് അഴിമതി ആരോപണം ഉയര്‍ന്നു വന്നത്. തിരഞ്ഞെടുപ്പില്‍ ഇത് അഴിമതിയുടെ പ്രതീകമായി ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.

റോബര്‍ട്ട് വദ്ര ഡയറക്ടറായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്‌കൈലൈറ്റ് റിയല്‍റ്റി എന്നീ സ്ഥാപനങ്ങളുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് പ്രത്യേക അന്വേഷണ സംഘം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടതിന്റെ രേഖകള്‍ ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. ഇതിന് ഈ വര്‍ഷം മേയ് 26-നാണ് ബാങ്ക് മറുപടി നല്‍കിയത്. ബാങ്കിന്റെ ബ്രാഞ്ചിന്റെ അടിത്തട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഈ രേഖകളെല്ലാം നഷ്ടപ്പെട്ടുവെന്ന് ബാങ്കിന്റെ മറുപടിയില്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് മറ്റ് സ്ഥാപനങ്ങളുടെയും രേഖകള്‍ നശിപ്പിക്കപ്പെട്ടോയെന്ന് ബാങ്കിനോട് പ്രത്യേക അന്വേഷണ സംഘം ആരാഞ്ഞു. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്‌കൈലൈറ്റ് റിയല്‍റ്റി എന്നിവയുടെ നിര്‍ണായക രേഖകള്‍ നശിപ്പിക്കപ്പെടാന്‍ കാരണമെന്തെന്ന് അന്വേഷിക്കാന്‍ ന്യൂഡല്‍ഹിയിലെ ബാങ്കിന്റെ ന്യൂ ഫ്രണ്ട്‌സ് കോളനി ബ്രാഞ്ചിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനുള്ള ബാങ്കിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. 2018 സെപ്റ്റംബര്‍ ഒന്നിനാണ് കേസ് സംബന്ധിച്ച് അന്വേഷണം തുടങ്ങിയത്.

ഹൂഡ, വദ്ര, റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ ഡിഎല്‍എഫ്, ഓങ്കാരേശ്വര്‍ പ്രോപ്പര്‍ട്ടീസ്, സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റീസ് എന്നിവയ്‌ക്കെതിരെയാണ് ഹരിയാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. ഭൂമി ഇടപാട് സംബന്ധിച്ച കരാറില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കരാറിന്മേലുള്ള ആരോപണങ്ങളിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button