കഠ്മണ്ഡു: കാമുകനെ തേടി സീമ ഹൈദറെന്ന പാക് യുവതി ഇന്ത്യയിലെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെ. ഇതിനിടെ ഇവർ ഇന്ത്യയിലെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കഠ്മണ്ഡുവിലെ ഹോട്ടലിന്റെ ഉടമ. സീമ ഹൈദറും ഇന്ത്യൻ പങ്കാളി സച്ചിൻ മീണയും നേപ്പാളിൽ താമസിച്ചത് വ്യാജ പേരിൽ ആയിരുന്നെന്ന് ഹോട്ടൽ ഉടമ പ്രതികരിച്ചു. ‘ശിവൻഷ്’ എന്ന പേരിലാണ് ഹോട്ടലിൽ മുറിയെടുത്തത്. ഹോട്ടലിലേക്ക് വന്നതും പോയതും ഇരുവരും രണ്ടായിട്ട ആണെന്നും ഉടമ ഗണേഷ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
‘‘മാർച്ച് മാസത്തിൽ ഏഴ് – എട്ട് ദിവസത്തോളം ഇരുവരും ഹോട്ടലിൽ തങ്ങി. മുറിക്കുള്ളിൽത്തന്നെയായിരുന്നു മിക്കപ്പോഴും. വൈകുന്നേരങ്ങളിൽ വല്ലപ്പോഴും പുറത്തുപോയി കണ്ടിട്ടുണ്ട്. ഒൻപതര – പത്തോടെ ഹോട്ടൽ അടയ്ക്കുന്നതിനാൽ നേരത്തേതന്നെ തിരിച്ചുവരും.
‘ഭാര്യ’യോടൊപ്പം താമസിക്കുന്നുവെന്നു കാട്ടി മുൻകൂട്ടി സച്ചിൻ മുറി ബുക്ക് ചെയ്തിരുന്നു. സച്ചിനാണ് ആദ്യം എത്തിയത്. സീമ അടുത്തദിവസമാണ് വന്നത്. മുറി വിട്ടപ്പോഴും രണ്ടുപേരും രണ്ടായാണ് പോയത്. അന്നു കുട്ടികൾ ഇവർക്കൊപ്പമുണ്ടായിരുന്നില്ല. ഇന്ത്യൻ കറൻസിയായ രൂപ ഉപയോഗിച്ചാണ് സച്ചിൻ മുറിയെടുത്തത്’’ – ഗണേഷ് കൂട്ടിച്ചേർത്തു.
അതേസമയം സീമ ഹൈദർ പാക്കിസ്ഥാന്റെ ചാരവനിതയാണെന്ന് ആരോപണം ഉയർന്നതിനു പിന്നാലെ ചൊവ്വാഴ്ച യുപി പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) 12 മണിക്കൂർ നേരം സീമയെ ചോദ്യം ചെയ്തിരുന്നു. നേപ്പാളിലൂടെ ഇന്ത്യയിലെത്തിയത് എങ്ങനെയെന്നും മറ്റുമുള്ള കാര്യങ്ങളാണ് ചോദിച്ചതെന്നാണ് വിവരം. സച്ചിനെയും പിതാവ് നേത്രപാൽ സിങ്ങിനെയും നോയിഡയിലെ എടിഎസ് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. രാവിലെ 10ന് തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി വരെ തുടർന്നു.
കാമുകനെ കാണാനാണ് ഇന്ത്യയിൽ എത്തിയതെന്ന നിലപാടാണ് സീമ ചോദ്യംചെയ്യലിൽ സ്വീകരിച്ചിരിക്കുന്നത്. ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ള വിവരങ്ങൾവച്ച് സീമയുടെ മൊഴി എടിഎസ് പരിശോധിക്കുകയാണ്. മൊബൈൽ ഫോണും മറ്റും എടിഎസിന്റെ കൈവശമാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പബ്ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിൻ മീണയുമായി പ്രണയത്തിലായ സീമ ഹൈദർ അനധികൃതമായാണ് ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽനിന്നുള്ള സീമ 2014ൽ വിവാഹശേഷം കറാച്ചിയിൽ താമസിക്കുകയായിരുന്നു. നേപ്പാൾ വഴി നാലു കുട്ടികളുമായാണ് അവർ ഇന്ത്യയിലേക്കു കടന്നത്. അനധികൃതമായി താമസിക്കുന്നെന്ന കുറ്റത്തിനു സീമയെയും സംരക്ഷണം നൽകിയ സച്ചിനെയും ജൂലൈ നാലിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കേസ് പരിഗണിച്ച നോയിഡയിലെ കോടതി ഇരുവരെയും ജാമ്യത്തിൽവിട്ടു. മാധ്യമങ്ങൾക്കു മുന്നിലെത്തിയ ഇവർ തങ്ങളുടെ പ്രണയം തുറന്നുപറയുകയും വിവാഹിതരായി ഇന്ത്യയിൽ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഗ്രെയിറ്റർ നോയിഡയിലാണ് പങ്കാളി സച്ചിൻ മീനയുമായി സീമ ഹൈദർ കഴിയുന്നത്.
Post Your Comments