കാമുകൻ സച്ചിൻ മീണയെ വിവാഹം ചെയ്യുന്നതിന് സീമ ഹൈദര്‍ എന്ന പാക് യുവതി കഴിഞ്ഞ മാസമാണ് ഇന്ത്യയിലെത്തിയത്. ഇവരും മക്കളും യുവാവിനൊപ്പം താമസമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് അത്ര ശുഭകരമായ കാര്യങ്ങളല്ല. പാക് യുവതി ഇന്ത്യയിലെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെയാണ്. യുവതിയുടെ കുടുംബാംഗങ്ങളെ സംബന്ധിച്ചും യുവതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖ സംബന്ധിച്ചും നിരവധി ദുരൂഹതകളുണ്ടെന്നാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സീമ പബ്ജി എന്ന ഓൺലൈൻ ഗെയിം വഴി ഇന്ത്യയിലെ നിരവധി യുവാക്കളുമായി ബന്ധം പുലർത്തിയിരുന്നു.
യുവതിയുടെ കൈവശമുള്ള ജനന സർട്ടിഫിക്കറ്റ് അടുത്തിടെ നൽകിയതാണെന്നതും സംശയാസ്പദമാണ്. ഇതിനിടയിലാണ് യുവതിക്ക് പാക് പട്ടാളവുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്. സീമയുടെ സഹോദരനും ബന്ധുവും പാക് സേനാംഗങ്ങളെന്ന് മുൻ ഭർത്താവ് വ്യക്തമാക്കിയിരുന്നു. സച്ചിൻ മീണയ്ക്കൊപ്പം താമസിക്കുന്ന സീമ ഹൈദറിനെ യുപി പൊലീസ് എടിഎസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് ഭർത്താവ് ഗുലാം ഹൈദറിൻറെ പ്രതികരണം എത്തുന്നത്.
പൊലീസ് ചോദ്യം ചെയ്യലിനിടയിൽ സഹോദരൻ പാക് സേനയിലുള്ളതായും എന്നാൽ നിലവിൽ സേനയിലുണ്ടോയെന്ന് അറിവില്ലെന്നുമായിരുന്നു സീമ പ്രതികരിച്ചത്. എന്നാൽ സീമ ഹൈദറിൻറെ സഹോദരൻ ആസിഫ് ഇപ്പോഴും സേനയിലുണ്ടെന്നും അമ്മാവനായ ഗുലാം അക്ബറും പാക് സേനാംഗമാണെന്നും ഗുലാം ഹൈദർ സ്ഥിരീകരിക്കുന്നു. കറാച്ചിയിലാണ് സീമയുടെ സഹോദരൻ നിയമിതനായിട്ടുള്ളതെന്നും ഗുലാം ഹൈദർ പറയുന്നു. സീമയുടെ അമ്മാവൻ പാക് സേനയിലെ ഉയർന്ന പദവിയിലാണെന്നും ഗുലാം ഹൈദർ കൂട്ടിച്ചേർക്കുന്നു.
സീമയുടെ തിരിച്ചറിയൽ രേഖ വിതരണം ചെയ്ത സമയവും പൊലീസിനെ സംശയത്തിന് ബലം നൽകുന്നുണ്ട്. ജനന സമയത്ത് ലഭ്യമാകുന്ന തിരിച്ചറിയിൽ രേഖ സീമയ്ക്ക് നൽകിയിരിക്കുന്ന തിയതി 2022 സെപ്തംബർ 20നാണ്. പാക് തിരിച്ചറിയൽ കാർഡ് ലഭിക്കാനുണ്ടായ കാലതാമസവും ഉത്തര് പ്രദേശ് എടിഎസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സച്ചിൻ മീണയെന്ന കാമുകനൊപ്പമാണ് സീമ ഹൈദറും മക്കളും താമസിക്കുന്നത്.
നേപ്പാൾ വഴി മെയ് മാസത്തിലാണ് സീമ സച്ചിനൊപ്പം താമസിക്കാനായി എത്തിയത്. 2019ൽ പബ്ജി ഗെയിമിലൂടെയാണ് ഇവർ പരിചയപ്പെടുന്നത്. ജൂലൈ 4ന് സീമ ഹൈദറിനെ പ്രാദേശിക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി രാജ്യത്തേക്ക് കടന്നതിനായിരുന്നു അറസ്റ്റ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ സഹായിച്ചതിന് സച്ചിൻ മീണയും അറസ്റ്റിലായിരുന്നു. എന്നാൽ ജൂലൈ 7 കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു.
2019ൽ ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെയാണ് നോയിഡ സ്വദേശിയായ സച്ചിൻ മീണയെ സീമ പരിചയപ്പെടുന്നത്. പിന്നീട് സച്ചിനുമായി പ്രണയത്തിലായ ഇവർ മേയിൽ നേപ്പാൾ വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്. ഡൽഹിയിലേക്ക് ബസ് മാർഗം എത്തിയ ഇവരെ പിന്നീട് നോയിഡയിലെ വാടക വീട്ടിലേക്കു സച്ചിൻ കൂട്ടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട സച്ചിൻ താൻ സീമയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി പിതാവിനോടു പറഞ്ഞുവെന്നു പൊലീസിനു മൊഴി നൽകി. ഇന്ത്യൻ ജീവിതരീതി പിന്തുടരാമെങ്കിൽ വിവാഹം കഴിക്കുന്നതിൽ എതിർപ്പില്ലെന്നു പിതാവ് അറിയിച്ചു. വിവാഹത്തിന്റെ നടപടിക്രമങ്ങൾക്കായി ബുലന്ദ്ശഹറിലെ കോടതിയെ ഇവർ സമീപിച്ചു. എന്നാൽ ഇന്ത്യൻ പൗരയല്ലാത്തതിനാൽ വിവാഹം നടത്തുന്നതിൽ നിയമതടസ്സമുണ്ടെന്നു കോടതി ഇവരെ അറിയിച്ചു.
അഭിഭാഷകൻ പൊലീസിനെ അറിയിച്ചാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന സീമ കുട്ടികളെയും കൂട്ടി വീടുവിട്ടു. എന്നാൽ ഡൽഹിയിലെത്താനായില്ലെന്നും അതിനുമുൻപ് പൊലീസ് അറസ്റ്റു ചെയ്തെന്നും സീമ പറഞ്ഞു. അനധികൃതമായി ഇന്ത്യയിലേക്കു കടന്നവരെ വീട്ടിൽതാമസിപ്പിച്ച കുറ്റത്തിന് സച്ചിൻ ജയിലിലാണ്. ഇവർക്ക് മറ്റെന്തെങ്കിലും ദുരുദ്ദേശമുണ്ടോയെന്ന് പരിശോധിക്കാനായി സച്ചിന്റെ തകർന്ന ഫോണിൽനിന്ന് ഡേറ്റ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം, സീമ ഹൈദർ ഇന്ത്യയിലെ കാമുകനടുത്തേക്ക് ഒളിച്ചോടിയതിന് പിന്നാലെ പാകിസ്ഥാനിൽ ഹിന്ദു ന്യൂനപക്ഷത്തിനെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിൽ മാത്രം രണ്ട് ഹിന്ദു ക്ഷേത്രങ്ങൾ തകർത്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചിയിലെ മാരി മാതാക്ഷേത്രവും സിന്ധിലെ കാഷ്‌മോറിലെ ക്ഷേത്രവുമാണ് ഈ ആഴ്ച്ച അക്രമികൾ തകർത്തത്. 150 വർഷം പഴക്കമുള്ളതാണ് മാരിമാതാ ക്ഷേത്രം.
റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചാണ് കാഷ്‌മോറിലെ ക്ഷേത്രം തകർത്തത്. പ്രദേശത്തെ ഹിന്ദുക്കളുടെ വീടുകൾക്ക് നേരേ ആക്രമണകാരികൾ വെടിയുതിർക്കുകയും ചെയ്തു. ഏകദേശം എട്ട് മുതൽ ഒമ്പതു വരെ തോക്ക്ധാരികളാണ് വെടിയുതിർത്തത്. വാർഷിക ആഘോഷത്തിൻറെ ഭാഗമായി ക്ഷേത്രം തുറന്നപ്പോഴായിരുന്നു ആക്രമണം. പൊലീസ് സംഘം എത്തിയതോടെ അക്രമികൾ ഓടിപ്പോയി. ഇതുവരെ പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 30 ഓളം പേർ ഇത്തരം ആക്രമണങ്ങൾക്ക് ഇരയായതായി പാക് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു.
സീമ ഹൈദർ എന്ന മുപ്പതുകാരിയായ പാകിസ്ഥാൻ യുവതി തന്റെ നാലു കുട്ടികളുമായി ഇന്ത്യയിലെത്തി ഇന്ത്യൻ പൗരനായ യുവാവിനെ വിവാഹം കഴിച്ചതാണ് പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് നേരേയുള്ള അക്രമം വർധിക്കാൻ കാരണമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. യുവതി പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ 2008ലെ മുംബൈ മോഡൽ ആക്രമണമുണ്ടാകുമെന്ന ഭീഷണിയും ഉയർന്നിരുന്നു. മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് ഉറുദു സംസാരിക്കുന്ന അജ്ഞാന്റെ ഫോൺകോൾ വന്നത്.
സീമ ഹൈദർ തിരികെയെത്തിയില്ലെങ്കിൽ ഇന്ത്യയ്ക്ക് വലിയ നാശമുണ്ടാകുമെന്നും 26/11 മുംബൈ ഭീകരാക്രമണത്തിനു സമാനമായ മറ്റൊരാക്രമണത്തിന് തയ്യാറായിക്കൊള്ളാനും അജ്ഞാതൻ ഫോൺ സന്ദേശത്തിൽ പറഞ്ഞു. ആക്രമണമുണ്ടായാൽ അതിനു കാരണക്കാർ ഉത്തർപ്രദേശ് സർക്കാർ ആയിരിക്കുമെന്നും ഇയാൾ പറഞ്ഞതായി മുംബൈ പൊലീസ് വ്യക്തമാക്കി.ഇതേത്തുടര്‍ന്നു മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. ഒരു മൊബൈല്‍ ആപ്പില്‍ നിന്നാണ് സന്ദേശം എത്തിയതെന്നും ഇതിന്‍റെ ഐപി നമ്പര്‍ കണ്ടെത്താൻ ശ്രമമാരംഭിച്ചതായും പോലീസ് പറഞ്ഞു.
Post Your Comments