കൊല്ലം: ഒളിവിലായിരുന്ന കൊടുംകുറ്റവാളി ഉൾപ്പടെ രണ്ട് പേർ കാപ്പ നിയമപ്രകാരം പൊലീസ് പിടിയിൽ. കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ഗലീലിയോ നഗർ 11-ൽ വിൽസൺ (35), കൊല്ലം കന്നിമേൽ വേളൂർ വടക്കതിൽ വീട്ടിൽ നിഥിൻദാസ് (28 -ഉണ്ണിക്കുട്ടൻ) എന്നിവരാണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് കലക്ടർ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി എടുത്തത്.
2017 മുതൽ പള്ളിത്തോട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് വിൽസൺ. കൂട്ടായ ആക്രമണം, കൊലപാതകശ്രമം ആയുധം ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കരുതൽ തടങ്കലിന് ഉത്തരവ് ഇറങ്ങിയ ശേഷം മറ്റൊരു കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വന്ന ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നിരുന്നു. രഹസ്യ നീക്കത്തിലൂടെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പള്ളിത്തോട്ടം, പോർട്ട് കൊല്ലം, കൊല്ലം ബീച്ച് എന്നീ പ്രദേശങ്ങളിൽ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായിരുന്ന ഇയാളെ പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
2018 മുതൽ ശക്തികുളങ്ങര സ്റ്റേഷൻ പരിധിയിൽ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിഥിൻദാസ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് മുമ്പും കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ഇയാൾ പുറത്തിറങ്ങിയ ശേഷവും ആവർത്തിക്കുകയായിരുന്നു.
ശക്തികുളങ്ങര ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.
Post Your Comments