
മാന്നാർ: ആലപ്പുഴ ചെന്നിത്തല കല്ലുമൂട് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമുള്ള മരം ഒടിഞ്ഞു വീണു. ഇതിനെ തുടർന്ന് മണിക്കൂറുകളോളം മാന്നാർ – മാവേലിക്കര സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മരം വീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു ഭാഗികമായ നാശനഷ്ടം ഉണ്ടായി. ഇവിടെ ബസ് കയറാനായി കാത്തുനിന്നിരുന്ന നിരവധി യാത്രക്കാർ ഓടിമാറിയതിനാൽ ആൾ അപകടം ഉണ്ടായില്ല.
ബുധനാഴ്ച വൈകിട്ട് 5:30നായിരുന്നു സംഭവം. മാവേലിക്കരയിൽ നിന്നുമെത്തിയ അഗ്നിശമന സേന, റോഡിലേക്ക് വീണ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റണമെന്നാവശ്യവുമായി നിരവധി പരാതികൾ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും നേരത്തെ നൽകിയിരുന്നു. എന്നാൽ ഇത്രയും നാള്‍ യാതൊരു നടപടിയും എടുത്തില്ലെന്നു നാട്ടുകാർ ആരോപിച്ചു.
Post Your Comments