ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. സെപ്റ്റംബർ 12 ആണ് പുതിയ തിയതി. അഭിഭാഷകർ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കർ ദത്തയും അടങ്ങിയ ബെഞ്ച് ഹർജി മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ഉൾപ്പെടെയുള്ള ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ഇന്ന് ഹർജി പരിഗണനയ്ക്ക് എടുത്തപ്പോൾ അടുത്ത ചൊവ്വാഴ്ചയിലേക്കു മാറ്റണമെന്ന് കേന്ദ്ര സർക്കാരിന്റെയും സിബിഐയുടെയും അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ, ചൊവ്വാഴ്ച അസൗകര്യമാണെന്ന് പിണറായി വിജയനു വേണ്ടി ഹാജരാവുന്ന സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. തുടർന്നു സെപ്റ്റംബറിലേക്കു മാറ്റുകയായിരുന്നു.
നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സിടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സിടി രവികുമാർ പിൻമാറിയത്. ഇതുവരെ 34 തവണയാണ് ലാവ്ലിൻ കേസ് മാറ്റിവച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹർജിയുമാണ് സുപ്രീംകോടതിയിലുള്ളത്.
Leave a Comment