Latest NewsKeralaNews

വർക്കല ലീനാമണി കൊലക്കേസ്: ഭർതൃസഹോദരന്റെ ഭാര്യയെ പ്രതിചേർത്തു

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഭർതൃസഹോദരന്റെ ഭാര്യയെയും കേസിൽ പ്രതി ചേർത്തു. വിശദമായ ചോദ്യംചെയ്യലിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസിലെ മുഖ്യപ്രതി അഹദിന്റെ ഭാര്യ റഹീനയെ പ്രതി ചേർത്തത്. ഇന്ന് ​വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
അയിരൂർ കളത്തറ എംഎസ് വില്ലയിൽ പരേതനായ സിയാദിന്റെ ഭാര്യ ലീനാമണി (56)യാണ് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കവേ കൊല്ലപ്പെട്ടത്. അ‌​ന്വേഷണത്തിൽ, സിയാദിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്‌സിൻ എന്നിവരും അഹദിന്റെ ഭാര്യ റഹീനയും ചേർന്നാണ് ലീനയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അതേസമയം, സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ​ അഹദ്, ഷാജി, മുഹസിൻ എന്നിവർക്കായി വർക്കല കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. ഇവരുടെ ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി.
ഞായറാഴ്ച രാവിലെ 10 മണിയോടെ ലീനാമണിയുടെ വീട്ടിലായിരുന്നു അക്രമം. ഇവരുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. ഭർത്താവിന്റെ വസ്തുവകകൾ കൈക്കലാക്കാൻ സഹോദരങ്ങൾ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
അതേസമയം, കോടതിയുടെ സുരക്ഷാ ഉത്തരവ് നിലവിലുണ്ടായിട്ടും വീട്ടമ്മ കൊല്ലപ്പെട്ടത് പോലീസിന്റെ വീഴ്ചയാണെന്ന് ലീനാമണിയുടെ ബന്ധുക്കൾ ആരോപിച്ചു. ജീവനു ഭീഷണിയുള്ളതിനാൽ വീട്ടിലെ മറ്റു താമസക്കാരെ ഒഴിവാക്കണമെന്ന ലീനാമണിയുടെ ആവശ്യം പോലീസ് അവഗണിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അവർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button