
തൃശൂര്‍: വാഴക്കോട്ട് കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിൽ മോഹന്‍ ആണ് രണ്ട് പേരുടെ പേരുവിവരങ്ങൾ ഉള്‍പ്പെടെ വെളിപ്പെടുത്തി മൊഴി നല്‍കിയത്.
പ്രതികൾക്കായി വനംവകുപ്പ് തെരച്ചിൽ തുടരുകയാണ്. അഖിലിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ട്. ആറംഗ സംഘത്തിൽ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബർ എസ്റ്റേറ്റ്. ഒളിവില്‍ പോയ ഇയാള്‍ക്ക് ആയി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആനയുടെ ജഡത്തിന് 20 ദിവസത്തെ പഴക്കമേയുള്ളൂവെന്ന് കണ്ടെത്തി. വേഗം അഴുകിപ്പോകാൻ എന്തെങ്കിലും രാസപദാർത്ഥം കലർത്തിയോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.
പ്രാഥമിക പരിശോധനയിൽ ആന ചരിഞ്ഞത് വെടിയേറ്റിട്ടല്ലെന്നാണ് നിഗമനം. 15 വയസ് മാത്രം പ്രായമുള്ളതാണ് ആനയെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്റെ സംശയം.
Post Your Comments