അടുത്തിടെ വികസിപ്പിച്ച ഒരു ബ്രെസ്റ്റ് കാൻസര്‍ വാക്സിൻ പ്രാഥമിക പരീക്ഷണങ്ങളില്‍ വിജയം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഒരുപക്ഷെ ലോകത്തെ ഏറ്റവു വലിയ കൊലയാളി രോഗങ്ങളില്‍ ഒന്നിനെ ഇത് വഴി ഇല്ലാതെയാക്കാൻ ആകുമെന്ന പ്രതീക്ഷക്കും ശക്തി വര്‍ദ്ധിക്കുകയാണ്. അതീവ ഗുരുതരമായ ബ്രെസ്റ്റ് കാൻസര്‍ ഉള്ള 15 സ്ത്രീകള്‍ക്കാണ് പരീക്ഷണാര്‍ത്ഥം ഇത് നല്‍കിയത്. ഇപ്പോള്‍ അഞ്ച് വര്‍ഷമായി അവര്‍ സുഖമായിരിക്കുകയാണ്. എന്നാല്‍, രോഗം തിരികെ വരാനുള്ള സാധ്യത തീരെ തള്ളിക്കളയാനാകില്ലെന്നും ഗവേഷകര്‍ പറയുന്നു.
ഓഹിയോയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിലാണ് ഇപ്പോള്‍ ഈ വാക്സിന്റെ ട്രയല്‍ നടക്കുന്നത്. സാധാരണ നിലയിലാണെങ്കില്‍, ബ്രെസ്റ്റ് കാൻസര്‍ മാറിയ രോഗികള്‍ക്ക് അഞ്ചു വര്‍ഷത്തിനകം അത് തിരികെയെത്തും ഇതുവരെയുള്ള കണക്കുകള്‍ കാണിക്കുന്നത് അതാണ്. എന്നാല്‍, ഈ മരുന്ന് സ്വീകരിച്ച് രോഗം മാറിയവരില്‍ അഞ്ചു വര്‍ഷമായിട്ടും കാൻസര്‍ തിരികെ എത്തിയിട്ടില്ലെന്ന് ക്ലിനിക് വക്താവ് പറയുന്നു.
ഈ പരീക്ഷണത്തില്‍ പങ്കാളികളായവരില്‍ രണ്ട് കുട്ടികളുടെ അമ്മയായ ജെന്നിഫര്‍ ഡേവിസും ഉണ്ട്. ഓഹിയോ, ലിസ്‌ബണ്‍ സ്വദേശിയായ ഈ നഴ്സ് നിരവധി തവണ കീമോ , റേഡിയോ തെറാപ്പികള്‍ക്കും ഒരു ഡബിള്‍ മാസ്റ്റെക്ടോമിക്കും വിധേയയായതിന് ശേഷമാണ് ഈ പരീക്ഷണത്തില്‍ പങ്കാളിയാകുന്നത്. ഇതിന് മുൻപെങ്ങും ലഭിക്കാത്ത ശാരീരികവും മാനസികവുമായ സുഖം ഇപ്പോള്‍ ലഭിക്കുന്നതായി അവരെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തനിക്കറിയാവുന്ന എല്ലാ കാൻസര്‍ രോഗികള്‍ക്കും ഇത് ലഭിക്കാനുള്ള ഭാഗ്യം ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറയുന്നു. ഗര്‍ഭകാലത്തും മുലയൂട്ടുന്ന കാലത്തും സ്ത്രീകളില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന ഒരു പ്രോട്ടീനാണ് പലപ്പോഴും കാൻസറിന്റെ മുൻഗാമി. ഇതിനെ ആക്രമിക്കാൻ ശരീരത്തെ പരിശീലിപ്പിക്കുകയാണ് പുതിയ വാക്സിൻ ചെയ്യുന്നത്. ട്രിപ്പിള്‍ നെഗറ്റീവ് കാൻസര്‍ വിഭാഗത്തിലെ പെടുന്ന രോഗങ്ങളെ മാത്രമെ ഇതുവരെ ഇത് ഉപയോഗിച്ച് ചികിത്സിച്ചിട്ടുള്ളു. നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാൻ സാധ്യത ഏറെയുള്ള വിഭാഗമാണിത്.
ഇതിന്റെ ഏറ്റവും വലിയ പ്രശ്നം അതിവേഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുമെന്നതാണ്. ചിലപ്പോള്‍ അഞ്ച് വര്‍ഷം കൊണ്ട് രോഗിയുടെ ശരീരത്തിന്റെ 12 ശതമാനം വരെ ഇത് കീഴടക്കിയേക്കാം. എന്നാല്‍, ആരോഗ്യമുള്ള ആളുകളിലും രോഗത്തെ തടയാനായി വരും വര്‍ഷങ്ങളില്‍ ഈ വാക്സിൻ നല്‍കിയേക്കാം എന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍, കാൻസറിന് ഒരു മുൻകൂര്‍ പ്രതിരോധം ഇതാദ്യമായിട്ടായിരിക്കും.
പോളിയോയും വസൂരിയും നിര്‍മ്മാര്‍ജ്ജനം ചെയ്തതുപോലെ ബ്രെസ്റ്റ് കാൻസര്‍ എന്ന രോഗത്തെയും നിര്‍മ്മാര്‍ജ്ജനം ചെയ്യാൻ ഇതുവഴി കഴിയും എന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്ത അനിക്സ ബയോസയൻസസ് സി ഇ ഒ ഡോ. അമിത് കുമാര്‍ ഡെയ്ലി മെയിലിനോട് പറഞ്ഞത്. അഞ്ചു വര്‍ഷത്തിനകം ഇത് വിപണിയില്‍ എത്തിക്കാനാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബ്രെസ്റ്റ് കാൻസര്‍ ഇല്ലാത്തവര്‍ക്കും പ്രതിരോധമെന്ന നിലയില്‍ ഇത് നല്‍കാനാകും എന്നും അദ്ദേഹം പറയുന്നു.
Post Your Comments