തിരുവനന്തപുരം: ഒടിടി റിലീസിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിയമനിർമ്മാണത്തിന് സാധ്യത തേടി സംസ്ഥാന സർക്കാർ. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ പരാതിയിലാണ് സർക്കാരിന്റെ ഇടപെടൽ. നിലവിൽ തീയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 30 ദിവസം കഴിയുമ്പോൾ ഒടിടിയിലെത്തും. ഈ കാലയളവ് 42 ദിവസമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫിയോക്ക് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകിയത്. വിഷയം ചർച്ച ചെയ്യാൻ വിവിധ സിനിമാ സംഘടനകളുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.
അടുത്ത ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുക. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡിസ്ട്രീബ്യൂട്ടേഴ്‌സ് അസോസിയേഷൻ, ഫിലിം ചേംബർ, ഫിയോക്ക് എന്നീ സംഘടനകളുടെ ഭാരവാഹികളെയാണ് യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ചേർക്കുന്ന യോഗത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രിയും പങ്കെടുക്കും.
പലതവണ നിർമ്മാതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സർക്കാരിനെ സമീപിച്ചതെന്ന് ഫിയോക്ക് പ്രതിനിധികൾ വ്യക്തമാക്കി. ഒടിടി റിലീസ് 42 ദിവസമായി നീട്ടാതെ തീയേറ്റർ വ്യവസായം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും ഫിയോക്ക് പ്രതിനിധികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
കോവിഡിന് മുൻപ് വരെ ഈ വ്യവസ്ഥ പാലിക്കപ്പെട്ടിരുന്നു, കോവിഡ് സമയത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് 30 ദിവസമാക്കി കുറച്ച് നൽകിയത്. എന്നാൽ, ഇളവിനുള്ള കാലാവധി കഴിഞ്ഞ വർഷം മാർച്ചിൽ അവസാനിച്ചതായും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു. ഇളവിന്റെ കാലാവധി അവസാനിച്ചിട്ടും 30 ദിവസത്തിനുള്ളിൽ ഒടിടിക്ക് നൽകുന്ന രീതിയോട് യോജിക്കാനാകില്ലെന്നും ഫിയോക്ക് പ്രതിനിധികൾ പറയുന്നു.
Post Your Comments