ജനീവ: സ്വീഡനില്‍ ഖുര്‍ആൻ കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ മതവിദ്വേഷം സംബന്ധിച്ച തര്‍ക്ക പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ബുധനാഴ്ച അംഗീകാരം നല്കി.
പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. വിവേചനം, ശത്രുത, അക്രമം എന്നിവക്ക് പ്രേരണ നല്കുന്ന പ്രവൃത്തികളും മതവിദ്വഷവും തടയാനും ഉത്തരവാദികളെ പ്രോസിക്യൂട്ട് ചെയ്യാനും പ്രമേയം രാജ്യങ്ങളോട് ആവശ്യപ്പെടുന്നു.
28 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. ഏഴ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും 12 രാജ്യങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തവരില്‍ ബംഗ്ലാദേശ്, ചൈന, ക്യൂബ, മലേഷ്യ, മാലിദ്വീപ്, പാകിസ്താൻ, ഖത്തര്‍, യു.എ.ഇ, ഉക്രെയ്ൻ, അര്‍ജന്റീന തുടങ്ങിയ 28 രാജ്യങ്ങളാണുള്ളത്. അമേരിക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും എതിര്‍ത്ത് വോട്ടുചെയ്തു.
അതേസമയം, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതല്ല പ്രമേയമെന്ന് വോട്ടെടുപ്പിനുശേഷം പാകിസ്താൻ അംബാസഡര്‍ ഖലീല്‍ ഹാഷ്മി പ്രതികരിച്ചു. മറിച്ച് അഭിപ്രായ സ്വാതന്ത്ര്യവും ഉത്തരവാദിത്തങ്ങളും തമ്മില്‍ വിവേചനപരമായ സന്തുലിതാവസ്ഥ സ്ഥാപിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ഖുര്‍ആനെയോ മറ്റേതെങ്കിലും മതഗ്രന്ഥത്തെയോ പരസ്യമായി അവഹേളിക്കുന്നതിനെ അപലപിക്കാൻ തയാറാകാത്തവരാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments