കൊച്ചി: അവയവദാനം ചെയ്യാമെന്ന പേരിൽ രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ. കാസർഗോഡ് ബലാൽ വില്ലേജ് പാറയിൽ വീട്ടിൽ സബിൻ പികെ (25) ആണ് ചേരാനല്ലൂർ പൊലീസിന്‍റെ പിടിയിലായത്.
എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കരൾ തകരാറിലായി ചികിത്സയിലുളള വ്യക്തി സഹായത്തിനായി ഫെയ്സ് ബുക്കിലൂടെ നൽകിയ പോസ്റ്റ് കണ്ടാണ് പ്രതി ഇത്തരത്തിലുള്ള തട്ടിപ്പിന് തുടക്കം കുറിച്ചത്. തുടർന്ന് സബിൻ രോഗിക്ക് കരൾ നൽകാമെന്ന് പറഞ്ഞു രംഗത്തെത്തി. രക്തപരിശോധന നടത്തണമെന്ന് രോഗിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതോടെ രോഗിയുമായി ചേർന്ന് പോകുന്ന രക്തഗ്രൂപ്പുള്ള സബിന്റെ സുഹൃത്തിനെ സബിന്റെ പേരിൽ ലാബിൽ അയച്ച് റിപ്പോർട്ട് സംഘടിപ്പിക്കുകയും രോഗിയുടെയും ബന്ധുക്കളുടെയും വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് പണം തട്ടിയെടുത്തത്. ഇതു കൂടാതെ രണ്ട് കിഡ്നിയും തകരാറിലായ മറ്റൊരു രോഗിക്ക് കിഡ്നി നൽകാമെന്ന് പറഞ്ഞ് രോഗിയുടെ രക്തഗ്രൂപ്പുമായി ചേർന്ന് പോകുന്ന രക്തഗ്രൂപ്പ് അടങ്ങിയ ബയോഡാറ്റ സബിൻ വ്യാജമായി നിർമ്മിച്ച് രോഗിയിൽ നിന്നും പണം അപഹരിച്ചിട്ടുണ്ട്. സബിനെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉള്ളതായി പൊലീസ് പറയുന്നു.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷ്ണർ സി ജയകുമാറിന്റെ നേതൃത്വത്തിൽ ചേരാനല്ലൂർ പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാർ കെ, സബ് ഇൻസ്പെക്ടർ തോമസ് കെഎക്സ് സാം ലെസ്സി, വിജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് നസീർ, സിഘോഷ്, ദിനൂപ്, സൈജു, സനുലാൽ, സുജിമോൻ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Post Your Comments