കോഴിക്കോട് : വിദ്യാഭ്യാസമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച എം.എസ്.എഫ്. പ്രവര്‍ത്തകരെ വിലങ്ങണിയിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. കൊയിലാണ്ടി എസ്ഐക്കെതിരെ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജു നാഥ് ഉത്തരവിട്ടത്. റൂറൽ എസ്പിയ്ക്കാണ് അന്വേഷണ ചുമതല.
പ്ലസ് ടു സീറ്റ് പ്രതിസന്ധി വിഷയത്തില്‍ സമര രംഗത്തുള്ള എം എസ് എഫ് പ്രതിഷേധത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിക്കാന്‍ തീരുമാനിച്ചിരുന്നു. കൊയിലാണ്ടിയില്‍ പൊതു പരിപാടിക്കായി മന്ത്രിയെത്തുന്നതിന്‍റെ തൊട്ടു മുമ്പാണ് റോഡരികില്‍ വെച്ച് എം എസ് എഫ് ക്യാമ്പസ് വിംഗ് ജില്ലാ കണ്‍വീനര്‍ അഫ്രിന്‍, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷം ഇവരെ കൈവിലങ്ങ് വെച്ചാണ് വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടു പോയത്.
ഇവര്‍ക്കു പുറമേ മന്ത്രിയെ കരിങ്കൊടി കാണിച്ച നാല് എം എസ് എഫ് പ്രവര്‍ത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം കേരളത്തിലെ സി.പി.എമ്മുകാര്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണ് നടപ്പാക്കുന്നതെന്ന് മുസ്‌ലിംലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എ. പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കപ്പെട്ടപ്പോഴാണ് എം.എസ്.എഫ്. വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്ക് പ്രതിഷേധിക്കേണ്ടിവന്നതെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.
ഈ നടപടി കൈയുംകെട്ടി നോക്കിനില്‍ക്കില്ല. പിണറായിയുടെ കൂലിപ്പട്ടാളമായി പൊലീസ് മാറി. വിലങ്ങണിയിച്ച് കൊണ്ടുപോയ പൊലീസുകാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നിയമസഭ തല്ലിത്തകര്‍ത്ത വ്യക്തിയാണ് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയെന്നും എം.കെ. മുനീര്‍ കൂട്ടിച്ചേര്‍ത്തു.
എസ്.എഫ്.ഐ. ക്രിമിനലുകള്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചുനില്‍ക്കുന്ന കേരള പോലീസിന്റെ ആവേശം പ്രതിപക്ഷ യുവജന സംഘടനാ നേതാക്കളോട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചവരോ പരീക്ഷ എഴുതാതെ പാസായവരോ പി.എസ്.സി. പട്ടികയില്‍ തിരിമറി നടത്തിയവരോ അല്ല ഈ കുട്ടികള്‍. മതിയായ പ്ലസ്‌വണ്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചവരാണെന്നും അവരെയാണ് കൊടും കുറ്റവാളികളെപ്പോലെ കൊണ്ടുപോകുന്നതെന്നും സതീശന്‍ പറഞ്ഞു.
Post Your Comments