കണിച്ചാർ: കൊളക്കാട് ടൗണിൽ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. തിരുനെല്ലി ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങിയ അഞ്ചരക്കണ്ടി ശങ്കരനെല്ലൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവർ സത്യാഷ്, വയോധികനായ വേണു എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച 12 മണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട കാർ കൊളക്കാട് സാംസ്കാരിക നിലയത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിലും സമീപത്തെ കടയിലേക്ക് സാധനങ്ങൾ ഇറക്കാനായി നിർത്തിയ ലോറിയിലും ഇടിക്കുകയായിരുന്നു. സാധനങ്ങൾ ഇറക്കുന്ന ചുമട്ടുതൊഴിലാളികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. നാട്ടുകാരും ചുമട്ടുതൊഴിലാളികളുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കാറിലുള്ളവരെ വളരെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്.
വേണുവിനെ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments