തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ കേരള പൊലീസ് തൃശൂരില്‍ പിടി കൂടിയത് ലക്ഷങ്ങളുടെ മയക്കുമരുന്ന്. തൃശൂര്‍ കുന്നംകുളത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസിന് നേരെ കുരച്ച് ചാടിയത് റോട്ട് വീലര്‍ ഇനത്തിലുള്ള നായ ആയിരുന്നു. അന്യസംസ്ഥാന പൊലീസിനെ ഈ നായയെ കാണിച്ചാണ് ബെംഗളൂരുവില്‍ നിന്നും കേരളത്തില്‍ പ്രതികള്‍ എത്തിയത്. എന്നാല്‍, നായയെ മാറ്റി നിര്‍ത്തി നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ലക്ഷങ്ങളുടെ മയക്കുമരുന്ന് ആണ് കേരള പൊലീസ് കണ്ടെത്തിയത്.
ടൂറിസ്റ്റ് ബസിലും കാറിലും ട്രയിനിലുമായി നടത്തുന്ന എംഡിഎംഎ കടത്ത് നിരന്തരം പിടികൂടി തുടങ്ങിയതോടെയാണ് തൃശൂരിലെ യുവാക്കള്‍ പുതിയ മാര്‍ഗം തേടിയത്. കണ്ടശാം കടവ് സ്വദേശി വിഷ്ണുവും അന്തിക്കാട് സ്വദേശി ശ്രീജിത്തുമാണ് പൊലീസ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി കാറിൽ വരികയായിരുന്നു യുവാക്കള്‍. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അങ്കിത് അശോകന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. പരിശോധനാ സംഘത്തിനു മുന്നിലേക്ക് പുലര്‍ച്ചെയാണ് പ്രതികള്‍ കാറോടിച്ചെത്തിയത്. പിന്നിലത്തെ സീറ്റില്‍ നായയെ കണ്ടതോടെ പൊലീസിന് സംശയമായി. വിശദ പരിശോധനയിലാണ് പതിനെട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്. നേരത്തെയും വളര്‍ത്തു നായയെ കയറ്റിയ കാറില്‍ പ്രതികള്‍ ലഹരി കടത്തിയിരുന്നു.
ടൂറിസ്റ്റ് ബസ് ഡ്രൈവറായ വിഷ്ണുവിന്‍റെതാണ് വളര്‍ത്തു നായ. വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് ശ്രീജിത്ത്. നായയെ പരിപാലിക്കാന്‍ കുന്നംകുളത്തുള്ള പരിശീലകര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.
Post Your Comments