കൊച്ചി: ജാമ്യ ഇളവ് അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ശേഷിക്കേ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅനിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. ഒമ്പത് ദിവസമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മഅദനി.
ഡോക്ടര്‍മാര്‍ യാത്ര വിലക്കിയതോടെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും യാഥാര്‍ഥ്യമായിട്ടില്ല. സുപ്രീം കോടതി അനുവദിച്ച ജാമ്യഇളവ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ബംഗളൂരിലേക്കുള്ള മടക്കയാത്രയും അനിശ്ചിതത്വത്തിലായി. ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ ഈ യാത്രയും ഒഴിവാക്കണമെന്നാണ് നിര്‍ദേശിക്കുന്നത്.
രക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലുകളും ക്രിയാറ്റിന്‍ അളവ് 10.4 എന്ന അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്നതുമാണ് ആരോഗ്യാവസ്ഥ ആശങ്കയിലാക്കുന്നത്. ദിവസങ്ങളായി ഇത് നിയന്ത്രണവിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രയോജനം ചെയ്തിട്ടില്ല. കൊല്ലം അന്‍വാര്‍ശ്ശേരിയിലെത്തി പിതാവിനെ കാണണമെന്ന ആഗ്രഹം മഅദനി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഡോക്ടര്‍മാര്‍ അനുവദിച്ചിട്ടുമില്ല. ജാമ്യ ഇളവിന്റെ പിന്‍ബലത്തില്‍ കഴിഞ്ഞ 26ന് വൈകീട്ടാണ് മഅദനി കേരളത്തിലെത്തിയത്. അവശനിലയില്‍ കഴിയുന്ന പിതാവിനെ കാണലും മാതാവിന്റെ കബറിട സന്ദര്‍ശനവുമായിരുന്നു പ്രധാന ലക്ഷ്യം.
എന്നാല്‍, നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി, സ്വദേശത്തേക്കുള്ള യാത്രക്കിടെ ആലുവയില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ മഅദനിയെ രാത്രിതന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വീണ്ടെടുത്ത് പിറ്റേദിവസം യാത്ര തുടരാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൂടുതല്‍ അപകടാവസ്ഥയിലാകുകയായിരുന്നു. ഏപ്രില്‍ 17നാണ് രോഗിയായ പിതാവിനെ കാണാന്‍ സുപ്രീം കോടതി ജാമ്യ വ്യവസ്ഥകളില്‍ മൂന്ന് മാസത്തെ ഇളവ് നല്‍കിയത്.എന്നാല്‍, അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ യാത്ര ചെലവിനത്തില്‍ ഭീമമായ തുക ചുമത്തിയതോടെ യാത്ര മുടങ്ങുകയായിരുന്നു.
Post Your Comments