Latest NewsKeralaNews

എലിപ്പനി, മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കൊച്ചി: എലിപ്പനി ഒഴിവാക്കാന്‍ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മഴയ്ക്ക് ശേഷം എലിപ്പനികേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൊച്ചി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ ആശ അറിയിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം.

read also:ഏകീകൃത സിവിൽ കോഡിനെതിരായ കോൺഗ്രസ് നീക്കം തീവ്രവാദികളുടെ വോട്ട് സമാഹരിക്കാൻ: കെ സുരേന്ദ്രൻ

പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ്, ക്ഷീണം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. എലിപ്പനി ഒഴിവാക്കുന്നതിന് മണ്ണിലും വെള്ളത്തിലും പണിയെടുക്കുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും പ്രതിരോധമരുന്നും വ്യക്തിഗത സുരക്ഷാ ഉപാധികളും ഉറപ്പാക്കേണ്ടതാണെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റു വസ്തുക്കളോ വഴിയുള്ള സമ്ബര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്.

അതിനാല്‍ രോഗ പകര്‍ച്ചയ്ക്കു സാധ്യതയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗാണു സാധ്യതയുള്ള എലികളുടെയും കന്നുകാലി, നായ, പന്നികള്‍ മുതലായ മറ്റു ജീവികളുടെയും മൂത്രം ശരീരത്തില്‍ തട്ടാതെയും, ആഹാരം കുടിവെള്ളം എന്നീ മാര്‍ഗങ്ങളിലൂടെ ശരീരത്തിലെത്താതെയും നോക്കുന്നത് വഴി ഈ രോഗം തടയാന്‍ സാധിക്കും.

കന്നുകാലി പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൃഷി പണിയിലേര്‍പ്പെട്ടിരിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരിലാണ് രോഗസാധ്യത കൂടുതല്‍. വെള്ള കെട്ടിലിറങ്ങുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും കട്ടി കൂടിയ റബ്ബര്‍ കാലുറകളും, കൈയുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

കൈകാലുകളില്‍ മുറിവുള്ളവര്‍ മുറിവുകള്‍ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. പനി, തൊണ്ടവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡിന്റെ മാത്രമല്ല എലിപ്പനി, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ച വ്യാധികളുടെ കൂടെ ആയതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ചികിത്സ തേടണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button