കോഴിക്കോട്: ഞായറാഴ്ച ചാലിയാർ പുഴയിൽ ചാടിയ ദമ്പതിമാരിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജിതിൻ (30) എന്ന യുവാവിന്റെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ജിതിന്റെ ഭാര്യ വർഷയെ ചാടിയതിനുപിന്നാലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഒഴുക്കിൽപ്പെട്ട ജിതിനുവേണ്ടി ഇന്നലെ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണം നിർത്തിവെച്ചിരുന്നു. തിങ്കളാഴ്ച പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ പത്തോടെയാണ് ഫറോക്ക് പാലത്തിൽനിന്ന് ദമ്പതിമാർ പുഴയിൽ ചാടിയത്. മലപ്പുറം മഞ്ചേരി ജെ.ടി സ്കൂളിന് സമീപത്താണ് ഇവരുടെ വീട്. ഈ സമയം പാലത്തിലൂടെ വരികയായിരുന്ന ലോറിയിലെ ഡ്രൈവർ ഉടനെ തന്നെ വണ്ടി നിർത്തി ലോറിയിൽ ഉണ്ടായിരുന്ന കയറിട്ടുകൊടുത്തു. ജിതിൻ ഒഴുക്കിൽ പെട്ടെങ്കിലും വർഷ കയറിൽപ്പിടിച്ചു. ഈ സമയം പുഴയിൽ മീൻ പിടിക്കുകയായിരുന്ന തൊഴിലാളി പാലത്തിന് അരികിലെത്തി വർഷയെ തോണിയിൽ കയറ്റി കരയ്ക്കെത്തിച്ചു. കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ച വർഷ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചിരുന്നു.
ആറ് മാസം മുമ്പാണ് ജിതിനും വർഷയും വിവാഹിതരായത്. കുടുംബപരമായ തർക്കങ്ങളാണ് ഇരുവരും പുഴയിൽ ചാടാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ജിതിന്റെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തും.
Post Your Comments