തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസര്‍ ബീഡിക്കച്ചവടം നടത്തിയ സംഭവത്തില്‍ അന്വേഷണം. സാക്ഷിമൊഴി സഹിതം റിപ്പോർട്ട് ലഭിച്ചതോടെയാണ് വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചത്. ഓഫീസറുടെ ഭാര്യയ്ക്ക് ബീഡിയുടെ പണം ഗൂഗിൾ പേ വഴി നൽകാറുണ്ടെന്ന് തടവുകാരന് മൊഴി നല്കി.
90 പൈസ വിലയുള്ള ഒരു ബീഡിക്ക് 10 രൂപയോളമാണ് അസി.പ്രിസൺ ഓഫീസർ ഈടാക്കിയത്. 22 ബീഡി വീതമാണ് ഓരോ പാക്കറ്റിലുള്ളത്. ഇത്തരം 12 പാക്കറ്റുകൾ ഉൾപ്പെടുന്നതാണ് ഒരു കെട്ട്. ഒരു കെട്ടിന് 2500 രൂപയാണ് ഉദ്യോഗസ്ഥന്റെ നിരക്ക്. ജയിലിന് പിന്നിലെ റോഡിൽ നിന്ന് അടുക്കള ഭാഗത്തേക്ക് ബീഡിക്കെട്ട് എറിഞ്ഞ് നല്‍കുകയാണ് പതിവ് രീതി. ഇവ ശേഖരിക്കുന്ന തടവുകാർ അത് 3000 രൂപയ്ക്ക് മറച്ചു വിൽക്കും. കമ്മീഷൻ കഴിഞ്ഞുള്ള തുക പണമായും ഗൂഗിൾ പേ വഴിയും ആണ് ഉദ്യോഗസ്ഥന് നൽകിയിരുന്നത്.
ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കോടതി അനുമതിയോടെ തടവുകാരെ ചോദ്യം ചെയ്ത് മൊഴി ഉറപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തുടർന്നാകും കേസ് രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.
Post Your Comments