തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക പിന്നാക്കവസ്ഥയക്ക് കാരണം സംസ്ഥാനം ഇതുവരെ ഭരിച്ച എൽഡിഎഫ്, യുഡിഎഫ് മുന്നണികളാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ. ഇന്ത്യയിലേക്ക് വന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ അരശതമാനം മാത്രമേ കേരളത്തിന് കിട്ടിയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ കേരളം 28-ാമതാണ്. ബിആർഎപി റാങ്കിംഗിലും കേരളം ഏറ്റവും പിറകിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: എ.ടി.എമ്മിന്റെ വാതില്‍ തകര്‍ന്ന് വീണു: പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്
കേരളത്തിൽ നിന്ന് വിദ്യാസമ്പന്നരായ യുവാക്കൾ തൊഴിൽ തേടി പുറത്തേക്ക് പോകുകയാണ്. ഇക്കാര്യങ്ങൾ കേരളം ഗൗരവമായി ചർച്ച ചെയ്യണം. കോട്ടയത്ത് ബസുടമ രാജ്മോഹനും കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമ ഷാനും ആക്രമിക്കപ്പെട്ടത് ആശങ്കാജനകമാണ്. ഈ ആക്രമണങ്ങളിൽ സർക്കാർ കർശനമായ നടപടി എടുക്കേണ്ടിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഏത് വ്യവസായിയാണ് കേരളത്തിൽ നിക്ഷേപിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു.
കിറ്റെക്സ് കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് പോയി. കേരളത്തിൽ യൂണിറ്റ് തുടങ്ങാനിരുന്ന ബിഎംഡബ്ല്യു കമ്പനിയെ സ്വാഗതം ചെയ്തത് ഹർത്താലാണ്. അതോടെ അവർ മതിയാക്കി. 90,000 പേർക്ക് തൊഴിൽ ലഭിക്കുമായിരുന്ന കൊച്ചി ഐടി പാർക്ക് വഴി 3,000 പേർക്ക് മാത്രമേ തൊഴിൽ ലഭിച്ചുള്ളൂ. ഹിന്ദുസ്ഥാൻ യൂണിലിവർ, സിയറ്റ് ടയേഴ്സ്, ഇല്ക്ട്രോ സ്റ്റീൽ തുടങ്ങിയ കമ്പനികളെല്ലാം കേരളത്തിൽ നിക്ഷേപിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. ഇവരുടെ ഫാക്ടറികളിലെല്ലാം കേരളത്തിൽ നിന്നുള്ള യുവാക്കൾ ജോലി ചെയ്യുന്നുണ്ട്. ഇരുമുന്നണികളും വച്ചുപുലർത്തിയ വ്യവസായ സൗഹൃദമല്ലാത്ത നയങ്ങളാണ് ഇതിന് കാരണം. പശ്ചാത്തല സൗകര്യമില്ലാത്തതും അനാവശ്യമായ നിയന്ത്രണങ്ങളും സ്വകാര്യ സംരംഭകരോടുള്ള ശത്രുതാ പരമായ മനോഭാവവുമാണ് കേരളത്തിൽ വ്യവസായം വളരാത്തതിന് കാരണം. ഈ നില തുടർന്നാൽ കേരളത്തിൽ നിന്ന് പുറത്തേക്കുള്ള കുടിയേറ്റം ഇരട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: മണിപ്പുരിലേതു വർഗീയ കലാപമല്ല: ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് ഓർത്തഡോക്സ് സഭ
Post Your Comments