ചെന്നൈ: മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേകം നടക്കില്ലെന്ന ആശങ്കയിൽ ഏഴു സ്ത്രീകൾ വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിൽ വെപ്പമരത്തൂരിലാണ് സംഭവം. വെപ്പമരത്തൂരിലെ മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേകം മുടങ്ങുമെന്ന ആശങ്ക കാരണമാണ് പായസത്തിൽ വിഷം ചേർത്ത് കഴിച്ചതെന്നാണ് സ്ത്രീകള്‍ പറഞ്ഞത്. ഇവരെല്ലാം ഒരേ കുടുംബത്തിൽ നിന്നുള്ളവരും പ്രദേശത്തെ പ്രബല ജാതിയിൽപ്പെട്ടവരുമാണ്.
ഇവരുടെ കുടുംബാംഗമായ സുരേഷ് വിവാഹം കഴിച്ചത് പട്ടികജാതിയിൽപ്പെട്ട യുവതിയെയാണ്. ഗ്രാമത്തിലെ മറ്റുള്ളവർ സുരേഷിന്റെ കുടുംബത്തിന് സാമൂഹികവിലക്ക് ഏർപ്പെടുത്തി. മാരിയമ്മൻ കോവിലിലെ ഉത്സവത്തിൽ നിന്ന് അവരെ മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ, സുരേഷിന്റെ ഭാര്യ സുധ ജില്ലാഭരണകൂടത്തിന് പരാതി നൽകി. എല്ലാവരെയും പങ്കെടുപ്പിച്ചു മാത്രമേ ഉത്സവം നടത്താവൂ എന്ന് അധികൃതർ ഉത്തരവിട്ടു. ഇതുകാരണം പത്തുവർഷമായി കുംഭാഭിഷേകം നടക്കുന്നില്ല.
ഇത്തവണ ഉത്സവം നടത്താൻ തീരുമാനിച്ചെങ്കിലും പണപ്പിരിവിൽ നിന്ന് സുരേഷിന്റെ കുടുംബത്തെ ഒഴിവാക്കി. ഇതേത്തുടർന്ന് സുരേഷും സുധയും വീണ്ടും പരാതി നൽകുകയും ജില്ലാഭരണകൂടം ഇടപെടുകയും ചെയ്തു. ഇതോടെ ഇത്തവണയും ഉത്സവം മുടങ്ങുമെന്ന് അഭ്യൂഹം പരന്നു. തുടർന്നാണ് സുരേഷിന്റെ കുടുംബത്തിൽപ്പെട്ട സ്ത്രീകൾ ആത്മഹത്യക്ക് ശ്രമിച്ചത്. തങ്ങളുടെ കുടുംബം കാരണം ഉത്സവം മുടങ്ങുമെന്ന വിഷമത്തിലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് അവർ പറഞ്ഞു.
അധികൃതർ നടത്തിയ അനുരഞ്ജന ചർച്ചയിൽ എല്ലാവരെയും പങ്കെടുപ്പിച്ച് ഉത്സവം നടത്താമെന്ന് ഗ്രാമീണർ സമ്മതിച്ചു. ഇതനുസരിച്ച് ബുധനാഴ്ച സമാധാനപരമായി കുംഭാഭിഷേകം നടത്തി. വിഷം കഴിച്ച സ്ത്രീകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Post Your Comments