Latest NewsKeralaNews

അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കി

 

കായംകുളം: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന. അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മാലിദ്വീപില്‍ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു അബിന്‍. എസ് എഫ് ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായിരുന്നു ഇയാള്‍.

മാലിദ്വീപില്‍ നിന്നു വരവേ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കായംകുളം പൊലീസാണ് ഇന്നലെ രാത്രി അബിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതി നിഖില്‍ തോമസിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അബിനായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതി നിഖിലിനെ, സര്‍ട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഒറിയോണ്‍ ഏജന്‍സിയിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കേയാണ് രണ്ടാം പ്രതി കൂടിയായ അബിനെ കസ്റ്റഡിയിലെടുക്കാനായത്. രണ്ട് ലക്ഷം രൂപ വാങ്ങി അബിന്‍ സി. രാജാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് നിഖില്‍ തോമസ് പൊലീസിനു മൊഴി നല്‍കിയിരുന്നു.

ഇതോടെ മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയാണ് നാട്ടിലെത്തിച്ചത്. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിന്‍ മാലിദ്വീപില്‍ നിന്ന് വിമാനം കയറിയത്. ചെന്നൈയില്‍ ഇറങ്ങിയ ശേഷം കൊച്ചിയിലേക്ക് വരികയായിരുന്നു. തുടര്‍ന്ന് നെടുമ്ബാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ പൊലീസ് പിടികൂടി. നിരവധി പേര്‍ക്ക് അബിന്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

രണ്ട് വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വര്‍ഷം മുന്‍പാണ് അബിന്‍ മാലിയിലേക്ക് പോയത്.

 

shortlink

Related Articles

Post Your Comments


Back to top button