ആലപ്പുഴ: വില്പനയ്ക്കായി ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 3.550 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. അടൂർ പയ്യനല്ലൂർ മീനത്തേതിൽ വീട്ടിൽ സുമേഷ്(26), കൊല്ലം ജില്ലയിൽ ആനയടി ശൂരനാട് നോർത്ത് വിഷ്ണുഭവനത്തിൽ വിഷ്ണു(23) എന്നിവരെയാണ് ആലപ്പുഴ എക്സൈസ് സംഘം പിടികൂടിയത്.
ആലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണ് ഇവർ പിടിയിലായത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സിഐ എം. മഹേഷും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.
സ്ഥിരമായി ഒറീസയിൽ പോയി വലിയ തോതിൽ വാങ്ങി കഞ്ചാവ് ഇവർ ആലപ്പുഴ ജില്ലയുടെ തെക്കൻ ഭാഗങ്ങളായ കായംകുളം, താമരക്കുളം നൂറനാട് ഭാഗങ്ങളിലേക്കാണ് എത്തിച്ചിരുന്നത്.
Read Also : മഴയിൽ മുങ്ങി ഉത്തരേന്ത്യ! ഡൽഹിയിലും മധ്യപ്രദേശിലും ഹിമാചലിലും പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം എത്തി
ട്രെയിനിൽ ചേർത്തലയിലോ ആലപ്പുഴയിലോ ഇറങ്ങി ബസ് മാർഗമാണ് ഇവർ കഞ്ചാവ് കടത്തുന്നത്. ട്രെയിനിൽ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടി ഒറീസയിൽനിന്ന് രാത്രിയിലുള്ള ട്രെയിനുകളിൽ കയറുകയും ഈ സമയം മറ്റുള്ളവർ ഉറങ്ങുന്ന സമയത്ത് ടോയ്ലറ്റിന്റെ മുകൾ ഭാഗത്തെ പ്ലൈവുഡിന്റെ സ്ക്രൂ അഴിച്ചുമാറ്റി കഞ്ചാവ് പൊതി ഒളിപ്പിക്കുകയാണ് പതിവ്. ഇറങ്ങാൻ സമയമാകുമ്പോൾ ഫ്ലാറ്റ്ഫോമിൽ മറ്റു പരിശോധന ഇല്ലന്ന് ഉറപ്പാക്കിയ ശേഷമാണ് കഞ്ചാവുമായി ഇറങ്ങാറുള്ളത്. സുമേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാനിയമ പ്രകാരം ജയിലിൽ കിടന്നിട്ടുള്ളയാളുമാണ്. ഇവർ കഞ്ചാവ് വാങ്ങാൻ പുറപ്പെട്ടപ്പോൾ തന്നെ നാർക്കോട്ടിക് സ്ക്വാഡിന് രഹസ്യ വിവരം കിട്ടിയിരുന്നു.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ് കാത്ത് നിൽക്കുമ്പോഴാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് ഒറീസയിലെ സാംമ്പൽപൂരിൽ നിന്ന് ആലപ്പുഴയിലേക്കുള്ള ടിക്കറ്റും കണ്ടെടുത്തു. ഇവർ ട്രെയിനിറങ്ങുന്ന സമയത്തെക്കുറിച്ച് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇവരെ പിടികൂടിയ സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കൊപ്പം പ്രിവന്റീവ് ഓഫീസർ ജി. ഗോപകുമാർ, പ്രവന്റീവ് ഓഫീസർ ഗ്രേഡ് കെ.പി. സജിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. ശ്രീജിത്ത്, എസ്.ആർ. റഹീം, അരുൺ എസ്, കെ.ടി. കലേഷ്, ദിലീഷ് എസ്, സന്തോഷ്, ഡ്രൈവർ പ്രദീപ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments