സമയക്രമവും പ്ലാറ്റ്ഫോം നമ്പറും സംബന്ധിച്ച വിവരങ്ങൾ യഥാക്രമം അറിയിക്കാത്തതോടെ ദുരിതത്തിലായി യാത്രക്കാർ. കർണാടകയിലെ കലബുറഗി സ്റ്റേഷനിലാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ട ട്രെയിൻ മറ്റൊരു പ്ലാറ്റ്ഫോമിലൂടെ കടന്നുപോയത്. ആദ്യം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് ട്രെയിൻ എത്തുകയെന്ന് അറിയിച്ചതിനാൽ, യാത്രക്കാർ മുഴുവനും ട്രെയിനിനായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് കാത്തിരുന്നത്. എന്നാൽ, ഏറെനേരം കാത്തിരുന്നിട്ടും ട്രെയിൻ എത്താത്തതോടെയാണ് മറ്റൊരു പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ കടന്നുപോയ വിവരം യാത്രക്കാർ അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് റെയിൽവേ അധികൃതർ നൽകാൻ മറന്നതോടെയാണ് സംഭവം പൊല്ലാപ്പായത്.
പുലർച്ചെ 5.45 മുതലാണ് യാത്രക്കാർ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ 17319 നമ്പർ ഹുബ്ബളളി-സെക്കന്ദരാബാദ് എക്സ്പ്രസിനായി കാത്തിരുന്നത്. സാധാരണയായി എല്ലാ ദിവസവും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ തന്നെയാണ് ട്രെയിൻ എത്താറുള്ളത്. എന്നാൽ, യാത്രക്കാരെ അറിയിക്കാതെ 6.45 ഓടെയാണ് ട്രെയിൻ സമയവും പ്ലാറ്റ്ഫോം നമ്പറും റെയിൽവേ അധികൃതർ മാറ്റിയത്. തുടർന്ന് യാത്രക്കാരോട് ക്ഷമാപണം നടത്തുകയും, യാത്ര ചെയ്യാൻ കഴിയാതെ പോയവർക്ക് മറ്റൊരു ട്രെയിനായ ഹുസൈൻ സാഗർ എക്സ്പ്രസിൽ പോകാൻ സംവിധാനം ഒരുക്കുകയുമായിരുന്നു. നേരത്തെ തന്നെ ബുക്കിംഗ് നടത്തി ട്രെയിൻ കാത്തുനിന്നവരെയാണ് ഇത് കൂടുതൽ പ്രതിസന്ധിയിലാക്കിയത്.
Post Your Comments