പത്തനംതിട്ട: 13 മിനിറ്റുകൊണ്ട് പ്രാദേശിക അന്വേഷണം നടത്തി വരുമാന സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫീസറുടെ നടപടി പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഉചിതമായ വരുമാന സർട്ടിഫിക്കറ്റ് വീണ്ടും നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ കളക്ടർക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
കോഴഞ്ചേരി പുന്നക്കാട് തുരുത്തിയിൽ വീട്ടിൽ റ്റി കെ ശശികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരൻ വാർധക്യകാല പെൻഷൻ ലഭിക്കുന്നതിന് വേണ്ടിയാണ് മലപ്പുഴശ്ശേരി വില്ലേജ് ഓഫീസർക്ക് ഒരു ലക്ഷത്തിന് താഴെ വാർഷിക വരുമാനം നിശ്ചയിച്ച് വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് അപേക്ഷ നൽകിയത്.
മലപ്പുഴശ്ശേരി വില്ലേജ് ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2023 ഫെബ്രുവരി 28 ന് രാവിലെ പരാതിക്കാരൻ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും അന്ന് ഉച്ചയ്ക്ക് തന്നെ വരുമാന സർട്ടിഫിക്കറ്റ് നൽകിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രാദേശികാന്വേഷണത്തിൽ പരാതിക്കാരനും കുടുംബവും ഉയർന്ന സാമ്പത്തിക സ്ഥിതിയിലുള്ളവരാണെന്ന് കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്റെ കുടുംബവാർഷിക വരുമാനം 1,04,000 രൂപയാണെന്ന് നിശ്ചയിച്ചാണ് വരുമാന സർട്ടിഫിക്കറ്റ് നൽകിയത്. പരാതിയുണ്ടെങ്കിൽ തഹസിൽദാർക്ക് അപ്പീൽ നൽകാമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ 13 മിനിറ്റിനുള്ളിൽ അന്വേഷണം നടത്തി തനിക്ക് തെറ്റായ സർട്ടിഫിക്കറ്റ് നൽകിയത് അഴിമതിയാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
Read Also: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Post Your Comments