ന്യൂയോര്‍ക്ക്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ആഴക്കടലിലേക്കുപോയ ടൈറ്റന്‍ അന്തര്‍വാഹിനി തകര്‍ന്നു മരിച്ച അഞ്ചു പേരില്‍ ഒരാളായ സുലൈമാന്‍ ദാവൂദ് ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നതിനായി തന്റെ റൂബിക്സ് ക്യൂബ് കൂടെ കൊണ്ടുപോയിരുന്നതായി റിപ്പോര്‍ട്ട്.
സുലൈമാന് ദാവൂദിന്റെ അമ്മയാണ് ഇക്കാര്യം ബിബിസിയോട് വെളിപ്പെടുത്തിയത്. യാത്രാസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ കൂടിയായിരുന്നു ഈ യുവാവ്. ആഴക്കടലില്‍ 3,700 മീറ്റര്‍ താഴെ വെച്ച് റൂബിക്സ് ക്യൂബ് പൂര്‍ത്തിയാക്കുക എന്നതായിരുന്നു സുലൈമാന്റെ ലക്ഷ്യം.
പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ് ദാവൂദിന്റെ മകനാണ് സുലൈമാന്‍ ദാവൂദ്. മകന്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നത് പകര്‍ത്താന്‍ ഷഹ്സാദ് ഒരു ക്യാമറയും കയ്യില്‍ കരുതിയിരുന്നു എന്നും ക്രിസ്റ്റീന്‍ വെളിപ്പെടുത്തി. മകനോടുള്ള ആദരസൂചകമായി റൂബിക്‌സ് ക്യൂബ് പൂര്‍ത്തിയാക്കാന്‍ താനും മകളും ചേര്‍ന്നു ശ്രമിക്കുമെന്നും ക്രിസ്റ്റീന്‍ പറഞ്ഞു. റുബിക്സ് ക്യൂബ് റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമത്തെക്കുറിച്ച് സുലൈമാന്‍ ഗിന്നസ് അധികൃതരോട് സംസാരിച്ചിരുന്നതായും ക്രിസ്റ്റീന്‍ കൂട്ടിച്ചേര്‍ത്തു.
ടൈറ്റാനിക് കാണാനുള്ള യാത്രയ്ക്ക് സുലൈമാന്‍ ആദ്യം അത്ര താത്പപര്യം ഉണ്ടായിരുന്നില്ല എന്ന് സഹോദരി അസ്മ ദാവൂദ് വെളിപ്പെടുത്തി. ആദ്യം ഇതേക്കുറിച്ചോര്‍ത്ത് സുലൈമാന് ഭയമായിരുന്നു എന്നും അസ്മ ബിബിസിയോട് പറഞ്ഞു.
സുലൈമാനും ഷഹ്‌സാദ് ദാവൂദിനും പുറമെ, അന്തര്‍വാഹിനിയുടെ ഉടമകളായ ഓഷന്‍ ഗേറ്റ്‌സ് എക്‌സ്‌പെഡിഷന്‍സ് കമ്പനിയുടെ സിഇഒ സ്റ്റോക്ക്ടണ്‍ റഷ് (61), ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിംഗ് (58), മുന്‍ ഫ്രഞ്ച് നാവികസേനാ മുങ്ങല്‍ വിദഗ്ധന്‍ പോള്‍-ഹെന്റി നര്‍ഗൊലെറ്റ് (77) എന്നിവരാണ് അപകടത്തില്‍ പെട്ട ടൈറ്റന്‍ അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നത്. ടൈറ്റന്‍ അകത്തേക്ക് പൊട്ടിത്തെറിച്ചാണ് (Implosion) അഞ്ച് യാത്രക്കാരും മരിച്ചത്.
Post Your Comments