പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലെെംഗിക പീഡനത്തിന് വിധേയനാക്കിയ സംഭവത്തിൽ പ്രതിയായ മുപ്പത്തിയൊന്നുകാരന് 48 വർഷം കഠിനതടവ് വിധിച്ച് പോക്സോ കോടതി. കൂടാതെ 1.80 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പത്തനംതിട്ട തൃക്കൊടിത്താനം അമര കിഴക്കേകുന്നിൽ വീട്ടിൽ നിന്ന് പുറമറ്റം കരിങ്കുറ്റിമലയിൽ വന്നുതാമസിക്കുന്ന കള്ളാട്ടിൽ റിജോമോൻ ജോണി (സനീഷ് -31) യെയാണ് കോടതി ശിക്ഷിച്ചത്. പട്ടികജാതി വിഭാഗത്തിൽപെട്ട 14 വയസുകാരിയെ പ്രലോഭിപ്പിച്ചും വിവാഹ വാഗ്ദാനം നൽകിയും പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്.
കോവിഡ് വ്യാപനത്തിൻ്റെ പേരിൽ ലോക്ഡൗൺ നിലനിന്ന 2020 മുതലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പ്രതി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നാണ് വിവരം. ഇതിനിടിലാണ് 14 വയസ്സുള്ള പെൺകുട്ടിയുമായി പ്രതി പരിചയത്തിാകുന്നത്. തുടർന്ന് ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച ശേഷം 14 വയസ്സുകാരിയെ വിവാഹം കഴിക്കാമെന്ന് പ്രതി വാഗ്ദാനം നൽകുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലത്തുകൊണ്ടുപോയി പ്രതി ലെെംഗിക പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പ്രതിക്കെതിരെയുള്ള കേസ്.
അതേസമയം, ഒരിക്കൽ 14കാരി തന്റെ അയൽക്കാരിയായും വിവാഹിതയുമായ യുവതിയുടെ ഫോൺ ഉപയോഗിച്ചാണ് പ്രതിയുമായി സംസാരിച്ചത്. എന്നാൽ പെൺകുട്ടി സംസാരിച്ചതിന് പിന്നാലെ പ്രതി ഈ ഫോണിലേക്ക് തിരികെ വിളിച്ച് വിവാഹിതയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും കുടുംബത്തെ ഉപേക്ഷിച്ച് വിവാഹിത റിജോമോനൊപ്പം ഇറങ്ങിപ്പോകുകയുമായിരുന്നു.
റിജോമോൻ വിവാഹിതയുമായി നാടുവിട്ട വിവരമറിഞ്ഞാണ് 14കാരി പെൺകുട്ടി താൻ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയത്. തുടർന്ന് പെൺകുട്ടി തൻ്റെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ സഹായത്തോടെ പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി കേസിൽ വിചാരണയും ആരംഭിച്ചു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ അഡ്വ.ജയ്‌സൺ മാത്യൂസ് ഹാജരായ കേസിൽ അന്തിമവാദം പൂർത്തിയായ ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു.
തുടർന്ന് വിവിധ സ്ഥലങ്ങളിൽ രണ്ടാം ഭാര്യയോടും കുട്ടിയോടും ഒപ്പം ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഒളിവു ജീവിതത്തിനിടയിലാണ് പ്രതിയെ ഷാഡോ പൊലീസിൻ്റെ സഹായത്തോടെ പൊലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 30 മാസംകൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവല്ല പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന പിഎസ്.വിനോദാണ് അന്വേഷണം നടത്തിയതും പ്രതിയെ ആദ്യം അറസ്റ്റു ചെയ്തതും.
Post Your Comments