ശ്രീനഗർ: പാക് അധിനിവേശ കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഭാവിയിലും അത് അങ്ങനെതന്നെ തുടരുമെന്നും പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. പാകിസ്ഥാൻ എത്രയോക്കെ സ്ഥാപിക്കാൻ ശ്രമിച്ചാലും അത് അവരുടേതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു സർവ്വകലാശാല സംഘടിപ്പിച്ച സെക്യൂരിറ്റി കോൺക്ലേവിൽ സംസാരിക്കവെയാണ് രാജ്‍നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
‘പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ മാത്രം ഭാഗമാണെന്നു വ്യക്തമാക്കുന്ന പ്രമേയം ഐകകണ്ഠ്യേന ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒന്നല്ല, മൂന്നു നിർദ്ദേശങ്ങളെങ്കിലും പാർലമെന്റിൽ ഇതുവരെ പാസാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ ഒരു വലിയ ഭാഗം പാകിസ്ഥാൻ അനധികൃതമായി കയ്യേറിയിരിക്കുകയാണ്’, രാജ്‍നാഥ് സിങ് പറഞ്ഞു.
‘ജമ്മു കശ്മീരിൽ ജനങ്ങൾ സമാധാനത്തോടെ വസിക്കുന്നത് മറ്റൊരു ഭാഗത്തെ ജനങ്ങൾ കാണുന്നു. പാക് അധിനിവേശ കശ്മീരിൽ ജീവിക്കുന്ന ജനങ്ങൾ ഒരുപാട് കഷ്ടതകളിലൂടെയാണ് കടന്നുപോകുന്നത്. അവർ ഇന്ത്യയിലേക്കു വരണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്യും’, രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
Post Your Comments