മണിപ്പൂരിന്റെ അന്തരീക്ഷം വീണ്ടും കലുഷിതമായ സാഹചര്യത്തിൽ അക്രമികളുടെ നിരായുധീകരണ പ്രവർത്തനത്തിന് തുടക്കമിട്ട് സൈന്യം. റിപ്പോർട്ടുകൾ പ്രകാരം, ദേശീയപാതകൾക്ക് സമീപം സ്ഥാപിച്ച അക്രമകാരികളുടെ 12 ബങ്കറുകൾ സുരക്ഷാസേന തകർത്തിട്ടുണ്ട്. ഷുംപായിയിലെ ബങ്കറിൽ നിന്ന് മൂന്ന് 51എംഎം മോട്ടാർ ഷെല്ലുകളും, 84 എംഎം ഷെല്ലുകളും സൈന്യം പിടിച്ചെടുത്തു. കൂടാതെ, അക്രമകാരികളിൽ നിന്ന് 1,100 തോക്കുകളും, 250 ബോംബുകളും, 13,000ലേറെ സ്ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 135 ഓളം പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബരേൻ സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ മേൽനോട്ടത്തിൽ മണിപ്പൂരിലെ സംഘർഷാവസ്ഥ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു. കൂടാതെ, ജൂൺ 13ന് ശേഷം അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, സംഘർഷത്തിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പാർലമെന്റ് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിക്ക് പുറമേ, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്.
Also Read: രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും തിരുപ്പതി ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം
Post Your Comments