ഉത്തരാഖണ്ഡിലെ ഗംഗോത്രിയുടെയും യമുനോത്രിയുടെയും ശുചീകരണ പ്രവർത്തനങ്ങൾക്ക് വൻ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് തീരങ്ങളിൽ ഉപേക്ഷിക്കുന്ന പഴയ വസ്ത്രങ്ങൾ. ഒട്ടനവധി തീർത്ഥാടകരാണ് സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വേളയിൽ ഭാഗീരഥി നദിയുടെ തീരത്ത് പഴയ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്. ചാർധാം യാത്ര കഴിഞ്ഞ് മടങ്ങുന്ന ഭക്തരിൽ ഭൂരിഭാഗം ആളുകളും ഇത്തരത്തിൽ പഴയ വസ്ത്രം നദീതീരങ്ങളിൽ ഉപേക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗംഗോത്രി, യമുനോത്രി തീരങ്ങളിൽ നിന്ന് വെറും രണ്ട് മാസങ്ങൾ കൊണ്ട് 7 ക്വിന്റൽ പഴയ വസ്ത്രങ്ങളാണ് ശുചീകരണ തൊഴിലാളികൾ പുറത്തെടുത്തത്.
ഭക്തർ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഈ പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 1000 രൂപ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പാണ് നൽകിയിരുന്നത്. എന്നാൽ, അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് മിക്ക ആളുകളും തീരത്ത് വസ്ത്രം ഉപേക്ഷിച്ച് മടങ്ങുന്നത്. ഭാഗീരഥി നദിയിൽ നിന്ന് മാത്രം 4 ക്വിന്റൽ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങളിൽ ഭൂരിഭാഗവും സാരിയാണ് ഉപേക്ഷിച്ചിട്ടുള്ളത്. അതേസമയം, ചാർധാം യാത്രയ്ക്കുശേഷം ഇത്തരത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ജെ പി നദ്ദ തിങ്കളാഴ്ച്ച തിരുവനന്തപുരത്ത്: ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തും
Post Your Comments