മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്തയച്ചയാളുടെ അറസ്റ്റ് നടക്കാവ് പൊലീസ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയിരുന്നു. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകയ്ക്ക് സ്ഥിരം അശ്ലീല കത്തുകൾ അയച്ച സംഭവത്തിൽ അവർ നല്‍കിയ പരാതിയിലാണ് നടക്കാവ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാനുംവര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു എന്ന വിവരങ്ങളും ഇയാളുടെ അറസ്റ്റിനെ തുടർന്ന് പുറത്തു വന്നിരുന്നു.
മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പാലക്കാട്ടെ ഇയാള്‍ താമസിക്കുന്ന ലോഡ്ജില്‍ എത്തി പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇയാളുടെഅറസ്റ്റ് രേഖപ്പെടുത്തുകയും തുടർന്ന് ജാമ്യത്തില്‍ വിടുകയുമായിരുന്നു. 2019 മുതലാണ് മാധ്യമപ്രവർത്തകയ്ക്ക് സ്ഥിരമായി ഇയാളുടെ ലെെംഗിക വിവരണങ്ങൾ അടങ്ങിയ കത്തുകൾ ലഭിച്ചു തുടങ്ങിയത്. ആളാരാണെന്ന് വെളിപ്പെടുത്താതെയാണ് ഇയാൾ കത്തുകൾ എഴുതിയിരുന്നത്. തനിക്കു വന്ന ആദ്യത്തെ കത്തുകളൊക്കെ മാധ്യമപ്രവർത്തക ശ്രദ്ധിക്കാൻ പോയിരുന്നില്ല. സ്വാഭാവികമായും തന്നോട് വിരോധമുള്ള ആരോ ഒരാൾ എഴുതിയ കത്തുകളാണെന്നു മാത്രമേ കരുതിയുള്ളു.
ആയിടയ്ക്കാണ് മറ്റൊരു യാഥാർത്ഥ്യം പുറത്തു വന്നത്. മിക്കവാറുമുള്ള വനിതാ മാധ്യമ പ്രവർത്തകർക്കെല്ലാം ഒരിക്കലെങ്കിലും ഇത്തരം കത്തുകൾ കിട്ടിയിട്ടുണ്ടെന്നുള്ളതായിരുന്നു അത്. സ്വന്തം പേരിൽ പത്രമാധ്യമങ്ങളിൽ സ്റ്റോറികൾ വരുമ്പോഴാണ് ലേഖകരെ തിരഞ്ഞുപിടിച്ച് കത്തുകൾ ലഭിച്ചുകൊണ്ടിരുന്നത്. ഇതോടെയാണ് മാധ്യമ പ്രവർത്തക ഇയാളുടെ കത്തുകൾ കൂടുതൽ ശ്രദ്ധിക്കാൻ ആരംഭിച്ചത്. ഇതിനെത്തുടർന്നാണ് ഈ കത്തുകളിലെ ഭീകരാവസ്ഥ തനിക്ക് ബോധ്യമായതെന്നും മാധ്യമ പ്രവർത്തക പറയുന്നു. കത്തുകളിലൂടെ അയാൾ പറഞ്ഞിരുന്നത് ലെെംഗിക വെെകൃതങ്ങൾ നിറഞ്ഞ അയാളുടെ ഭാവനകളായിരുന്നു.
ആർക്കാണോ കത്തെഴുതുന്നത് അവരെ വെർബൽ റേപ്പ് നടത്തുകയാണ് ഈ വ്യക്തി ഓരോ കത്തിലൂടെയും. വൈവാഹിക ബലാത്സംഗത്തെക്കുറിച്ചുള്ള തൻ്റെ ലേഖനങ്ങളെ തികച്ചും വെെകൃതമായ രീതിയിൽ വിലയിരുത്തുന്നതും ഇയാളുടെ പതിവായിരുന്നു. അവാർഡുകളും മറ്റും ലഭിക്കുമ്പോൾ തൻ്റെ പേര് പത്രത്തിൽ വരും. രണ്ടു ദിവസത്തിനുള്ളിൽ ഇയാളുടെ കത്തുകളും തന്നെത്തേടി എത്തുമായിരുന്നു എന്ന് മാധ്യമ പ്രവർത്തക പറയുന്നു. ഒരുപക്ഷേ ഇയാളിൽ നിന്ന് ഏറ്റവും കൂടുതൽ കത്ത് ലഭിച്ചിട്ടുള്ളയാൾ താനായിരിക്കുമെന്നും ഏകദേശം അൻപതിലധികം ഇത്തരത്തിലുള്ള കത്തുകൾ തനിക്ക് പ്രതിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും മാധ്യമപ്രവർത്തക പറയുന്നു.
ഒരിക്കൽ തനിക്ക് അവാർഡ് ലഭിച്ചപ്പോൾ ഇയാൾ എഴുതിയത് സഹിക്കാൻ കഴിയാത്ത കത്തായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു അതിനുള്ളിലെ വെർബൽ റേപ്പ്. അന്ന് മാധ്യമങ്ങളിൽ വന്ന തൻ്റെ ഫോട്ടോയെ ഇയാൾ ലെെംഗികമായി ദുരുപയോഗം ചെയ്തുവെന്ന രീതിയിലായിരുന്നു ആ കത്ത്. തനിക്ക് ഏറെ മാനിസക ബുദ്ധിമുട്ടുണ്ടാക്കിയ കത്തായിരുന്നു അത്. ആ കത്തിൽത്തന്നെ സ്വന്തം ഭാര്യയേയും പെൺമക്കളെയും ബാത്സംഗം ചെയ്യുന്നതിനെക്കുറിച്ചും ഇയാൾ വിവരിച്ചിട്ടുണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
അതിനുശേഷം വന്ന എല്ലാ കത്തുകളും സ്വന്തം മക്കളെ ലെെംഗിക പീഡനത്തിന് ഇരയാക്കുന്നതിനെ കുറിച്ച് വിശദമായി വിവരിച്ചുകൊണ്ടുള്ളതായിരുന്നു. ഇതോടെയാണ് ഇതൊരു സാധാരണ വിഷയമല്ലെന്ന് തനിക്കു മനസ്സിലായതെന്ന് മാധ്യമ പ്രവർത്തക വ്യക്തമാക്കുന്നത്. ഇയാളുടെ വീട്ടിലെ സ്ത്രീകളെ കുറിച്ചായിരുന്നു തൻ്റെ ചിന്ത. അവർ ഇയാളിൽ നിന്ന് എന്തുമാത്രം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടാകുമെന്നും താൻ ചിന്തിച്ചതായി മാധ്യമ പ്രവർത്തക പറയുന്നു.
ഇതോടെയാണ് മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. അന്ന് കോവിഡിൻ്റെ സമയം കൂടിയായിരുന്നു. അതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യാനും കഴിഞ്ഞില്ല. തുടർന്ന് മാധ്യമ പ്രവർത്തക പോസ്റ്റോഫീസിലെ സുഹൃത്തുക്കൾ വഴി പ്രതിയെ കണ്ടുപിടിക്കുന്നതിന് ശ്രമങ്ങളാരംഭിച്ചു. ഇതിനിടെ പോസ്റ്റോഫീസിലെ തൻ്റെ സുഹൃത്ത് പറഞ്ഞതുപ്രകാരം ഒരു പൊലീസ് ഉദ്യോഗസ്ഥ തന്നെ വിളിച്ചു. ഒരു മജിസ്ട്രേറ്റിന് ഇത്തരത്തിൽ ഒരു കത്തു വന്നിട്ടുണ്ടെന്നും ജഡ്ജിയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുത്തുവെന്നും ഉദ്യോഗസ്ഥ പറഞ്ഞു.
അപ്പോഴാണ് നേരത്തെ കത്തുകിട്ടിയ മാധ്യമ പ്രവർത്തകയുടെ കാര്യവും പൊലീസിൻ്റെ ഓർമ്മയിലേക്ക് എത്തിയത്. തനിക്ക് കത്തയച്ചതും ജഡ്ജിക്ക് കത്തയച്ചതും ഒരാളാണെന്ന് മാധ്യമപ്രവർത്തകയ്ക്ക് മനസ്സിലായി. തുടർന്ന് ജഡ്ജിക്ക് കത്തയച്ച വ്യക്തിയെ പൊലീസ് അറസ്റ്റു ചെയ്തു. അതേസമയം ഇയാളാണോ വനിതാ മാധ്യമപ്രവർത്തകയ്ക്ക് കത്തുകളയച്ചിരുന്നതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു.
തുടർന്ന് തനിക്കു ലഭിച്ച കത്തുകളും മജിസ്ട്രേറ്റിനു വന്ന കത്തുകളും പൊലീസ് ഫോൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ രണ്ടും എഴുതുന്നത് ഒരാളാണെന്ന് വ്യക്തമാകുകയും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നും മാധ്യമ പ്രവർത്തക വ്യക്തമാക്കി. അങ്ങനെ താൻ വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു എന്നും മാധ്യമപ്രവർത്തക പറയുന്നു. ഇത്തരത്തിൽ കൊടും ഭീകരനായ ഒരു വ്യക്തിയുടെ വീട്ടിലെ സ്ത്രീകളെയും അവരുടെ സാഹചര്യങ്ങളെയും കുറിച്ച് ഓർത്തപ്പോഴാണ് ഇതിനെതിരെ പോരാടണമെന്ന് തീരുമാനിച്ചതെന്നും മാധ്യമ പ്രവർത്തക ചൂണ്ടിക്കാട്ടുന്നു.
Post Your Comments