കൊല്ലം: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിൽ. കടവൂർ നീരാവിൽ പണ്ടകശാലയിൽ മോനിച്ചൻ എന്ന യേശുദാസൻ(34), കുരീപ്പുഴ തണ്ടേക്കാട് കോളനി വടക്കേവീട് പടിഞ്ഞാറ്റതിൽ കിബി എന്ന ബിബിൻ (34) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also : സ്ത്രീ വിരുദ്ധ കണ്ടന്റ്: വ്ളോഗര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ
കഴിഞ്ഞ 13-ന് രാത്രിയിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുരീപ്പുഴ സ്വദേശിയായ മുഹമ്മദും പ്രതികളും തമ്മിലുള്ള മുൻവൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചത്. വീടിന് സമീപം ബൈക്കിൽ ഇരിക്കുകയായിരുന്ന മുഹമ്മദുമായി വാക്കുതർക്കമുണ്ടാവുകയും ബിബിനും യേശുദാസനും ചേർന്ന് ഇയാളെ മർദ്ദിക്കുകയുമായിരുന്നു. ചോദ്യം ചെയ്ത ബന്ധുവിനെയും ഇവർ ആക്രമിച്ചു. തുടർന്ന്, ബിബിൻ മുഹമ്മദിനെ തടഞ്ഞു നിർത്തുകയും യേശുദാസൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
കൊല്ലം അസി. കമീഷണർ എ. അഭിലാഷിന്റെ നിർദ്ദേശാനുസരണം അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, ഗിരീഷ്, പ്രദീപ്, സി.പി.ഒ രാജഗോപാൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments