കൊച്ചി: ടൈൽ പണിക്കാരനായ യുവാവിനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയും യുവാവും പൊലീസ് പിടിയിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ് എം.കെ.കെ നഗറിൽ പുതുമന വീട്ടിൽ മനീഷ (26), സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡിൽ ഹൗസ് നമ്പർ 6/1347-ൽ സുനിൽ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ടൈൽ പണിക്കാരനായ യുവാവ് ഫ്ലാറ്റിലെ ജോലിക്കിടെയാണ് അവിടത്തെ ജീവനക്കാരിയായ മനീഷയെ പരിചയപ്പെട്ടത്. യുവാവിൽനിന്ന് 2000 രൂപ കടമായി വാങ്ങുകയും ചെയ്തു. ഇതിനിടെ മനീഷ യുവാവിനോട് ഹോട്ടലിൽ മുറിയെടുക്കാൻ ആവശ്യപ്പെട്ടു. ഇവിടെ സുഹൃത്തായ സുനിലുമായെത്തി യുവാവിനെ ചവിട്ടിവീഴ്ത്തുകയും ഇടിവള കൊണ്ട് മുഖത്തിടിക്കുകയും മാല പിടിച്ചു പറിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുനിലിന്റെ ഭാര്യയാണ് മനീഷ എന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇവരിൽ നിന്നും മാല വിറ്റു കിട്ടിയ പണവും പള്ളുരുത്തിയിലെ ജ്വല്ലറിയിൽ നിന്ന് പ്രതികൾ വിറ്റ മാലയും കണ്ടെടുത്തിട്ടുണ്ട്.
ഇൻസ്പെക്ടർ അനീഷ് ജോയ്, പ്രിൻസിപ്പൽ എസ്.ഐ കെ.പി അഖിൽ, ഇൻസ്പെക്ടർ അനൂപ്, അസി. സബ് ഇൻസ്പെക്ടർ ഷാജി, സജി, രാജേഷ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, ഇഗ്നേഷ്യസ്, ഷൈജി, സിവിൽ പൊലീസ് ഓഫീസർ ശ്രീലക്ഷ്മി അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments