KeralaLatest NewsUAENewsInternationalGulf

പ്രവാസികൾക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാം: സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം: പ്രവാസി സമൂഹത്തിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളിൽ ആദ്യത്തേത് ദുബായിൽ പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം 20,000 തൊഴിലവസരം സ്റ്റാർട്ടപ്പുകളിൽ ഒരുക്കും. ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ, ആസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുറക്കുന്നത്.

Read Also: ഏകീകൃത സിവിൽകോ​ഡ് സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കം: വെൽഫെയർ പാ​ർ​ട്ടി

സ്റ്റാർട്ടപ്പുകൾ വന്നതോടെ ഈ മേഖലയിൽ മാത്രമല്ല, സമൂഹത്തിലെ യുവജനങ്ങളിലാകെ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്. പഠിച്ചു കഴിഞ്ഞാൽ ഉടൻ തൊഴിലെന്നാണ് നേരത്തെ ആലോചിക്കാറുള്ളത്. തൊഴിൽദാതാക്കളാകുക എന്ന വിപ്ലവകരമായ മാറ്റം സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സംസ്ഥാനത്ത് ഉണ്ടാക്കി. ഈ മാറ്റം എങ്ങിനെ നമ്മുടെ നാട്ടിൽ യുവജനങ്ങളിൽ ഗുണകരമായ വിധത്തിൽ നടപ്പാക്കാൻ കഴിയും എന്നതാണ് ഐടി വകുപ്പ് പരിശോധിക്കുന്നത്. സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് ലോകത്തെയാകെ കേരളവുമായി ബന്ധിപ്പിക്കുകയാണ്. ഈ കാര്യത്തിൽ വലിയ പിന്തുണയാണ് യുഎഇയിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിന്റെ ഐടി രംഗത്തെ ഏത് ചുവടുവയ്പിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. അന്താരാഷ്ട സ്ഥാപനങ്ങളിലെ മലയാളി മേധാവികളുമായി ബന്ധപ്പെട്ട് ഈ കമ്പനികളുടെ സാന്നിദ്ധ്യം കേരളത്തിൽ ഉറപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

ലോകത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ കേരളം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഈ സൽപ്പേര് ഉപയോഗിച്ച് വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുമായി സഹകരിച്ച് സ്റ്റാർട്ടപ്പുകൾ തുടങ്ങാനാണ് പുതിയ കേന്ദ്രം ആരംഭിക്കുന്നത്. ഇതിലൂടെ ഇൻഫിനിറ്റി കേന്ദ്രങ്ങളിലെ പ്ലഗ് ആൻഡ് പ്ലേ സംവിധാനത്തിലൂടെ പ്രവാസികൾക്കും കമ്പനി അവിടെത്തന്നെ പ്രവർത്തിക്കാനാകും. കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് വിദേശത്ത് നിക്ഷേപം സ്വീകരിക്കൽ, പ്രവർത്തനം വിപുലീകരിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഇൻഫിനിറ്റി കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാം. ഐടി രംഗത്തെ വളർച്ചയ്ക്ക് വേണ്ടി സംസ്ഥാനത്ത് നിലവിലുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. ഐടി കോറിഡോർ തിരുവനന്തപുരം-കൊല്ലം, ആലപ്പുഴ എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂർ എന്നിങ്ങനെ ഐടി ഇടനാഴികൾ സ്ഥാപിക്കും. ഇതിനാവശ്യമായ സ്ഥലമെടുപ്പ് നടക്കുകയാണ്. വലിയ കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങാൻ ക്യൂ നിൽക്കുന്ന അവസ്ഥയുണ്ടാകണം. ഐടിയ്ക്ക് പുറമെ, കൃഷി, കല എന്നിവയിൽ സ്റ്റാർട്ടപ്പുകളുണ്ടാകും.

സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ആഗോള ഡെസായി പ്രവർത്തിക്കും, പ്രവാസി സമൂഹത്തിന് അവർ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ വിപണി വിപുലീകരിക്കാനും പുതിയ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇൻഫിനിറ്റി കേന്ദ്രങ്ങളിൽ ലഭ്യമാകും. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുടർ സാധ്യതകൾ മനസ്സിലാക്കി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതേസമയം വിദേശ സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യൻ വിപണിയെ അപഗ്രഥിക്കുന്നതിന്റെ കേന്ദ്രമായും ഇൻഫിനിറ്റി ലോഞ്ച് പാഡ് പ്രവർത്തിക്കും. കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകളുമായും സ്റ്റാർട്ടപ്പ് മിഷനുമായും സഹകരിച്ച് സംരംഭക മേഖയിലേക്ക് കടന്നുവരാൻ പ്രവാസി സമൂഹത്തിന് ഇൻഫിനിറ്റി കേന്ദ്രങ്ങൾ അവസരമൊരുക്കും.

വിദേശ രാജ്യത്ത് നിന്ന് തന്നെ കേരളത്തിൽ കമ്പനി രജിസ്റ്റർ ചെയ്യുന്നതിനുള്ള എല്ലാ സഹായവും ഇൻഫിനിറ്റി കേന്ദ്രങ്ങളിലൂടെ ലഭിക്കും. വിദേശത്തെ കേന്ദ്രങ്ങളിൽ പ്ലഗ് ആൻഡ് പ്ലേ സംവിധാനം ഏർപ്പെടുത്തും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് വിദേശത്ത് സ്വന്തം ഓഫീസില്ലാതെ ഇൻഫിനിറ്റി കേന്ദ്രങ്ങൾ വഴി പ്രവർത്തിക്കാൻ സാധിക്കും. ഉത്പന്ന രൂപീകരണം, വികസനം എന്നീ മേഖലകളിൽ ഇൻകുബേഷൻ സഹായവും ലഭ്യമാക്കും. പ്രവാസി സമൂഹത്തിന് സ്റ്റാർട്ട്അപ്പ് മിഷന്റെ വിവിധ പദ്ധതികളിൽ നിക്ഷേപകൻ, സംരംഭകൻ, സ്ഥാപകൻ, വിദഗ്‌ധോപദേഷ്ടാവ് എന്നീ നിലകളിൽ പങ്കെടുക്കാനും അവസരമൊരുക്കും. പ്രവാസികൾക്ക് കേരളത്തിലെ എയ്ഞ്ചൽ നിക്ഷേപക ശൃംഖലയുമായി ചേർന്ന് പ്രവർത്തിക്കുന്നതോടൊപ്പം സ്റ്റാർട്ട്അപ്പ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയിൽ പങ്കാളികളാകാനും സാധിക്കും.

യുഎഇയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്ററിന്റെ പങ്കാളിയായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റുമായുള്ള ധാരണാപത്രം കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരന് കൈമാറി.

Read Also: മദ്യവിൽപനശാലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button