തിരുവനന്തപുരം: അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ ട്രക്ക് യാത്ര സ്ക്രിപ്റ്റഡ് പിആർ വർക്കെന്ന വിമർശനം ശക്തമാകുന്നു. രാഹുലിന്റെ അമേരിക്കൻ ട്രക്ക് യാത്രയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ ആന്റണി രംഗത്തെത്തി. വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിക്കാനുള്ള രാഹുൽ ഗാന്ധിയുടെ മറ്റൊരു ശ്രമം കൂടി പൊളിഞ്ഞു എന്നാണ് അനിൽ ആന്റണി പറയുന്നത്. ട്രക്ക് ഓടിച്ചിരുന്നത് ഒരു സാധാരണ ഡ്രൈവറല്ലെന്നും ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് അമേരിക്കയുടെ പ്രസിഡന്റാണെന്നും അനിൽ ആന്റണി വെളിപ്പെടുത്തി.
‘വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും മറ്റൊരു ശ്രമം കൂടി പൊളിഞ്ഞടുങ്ങിയിരിക്കുന്നു. വിദ്വേഷം നിമിത്തം പാർട്ടി വിട്ട, മുൻപ് ബിജെപി ആരാധകനായിരുന്ന ആ സാധാരണക്കാരനായ ട്രക്ക് ഡ്രൈവർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ യൂത്ത് പ്രസിഡന്റാണ്’ – അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചു.
അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ വാഷിങ്‌ടണിൽനിന്നു ന്യൂയോർക്കിലേക്ക് 190 കിലോമീറ്റർ ട്രക്ക് യാത്ര നടത്തിയത് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. യാത്രയ്ക്കിടെ രാഹുൽ ഇന്ത്യൻ വംശജരായ ഡ്രൈവർമാരുമായി സംഭാഷണം നടത്തിയതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതെല്ലാം മുൻകൂട്ടി പദ്ധതിയിട്ട് നടപ്പാക്കിയ പിആർ വർക്കാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.
Post Your Comments