ഇടുക്കിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങിയതായി സൂചന. പുളിയന്മലയിലെ നാട്ടുകാരാണ് പുലിയെ കണ്ടതായി വനം വകുപ്പിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിനടുത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിന് ശേഷം, കാൽപ്പാട് പുലിയുടേതാകാമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
എൻഎംആർ എസ്റ്റേറ്റിലെ തൊഴിലാളികളാണ് പുലിയുടെ കാൽപ്പാട് കണ്ടെത്തിയത്. കുറച്ച് നാളുകൾക്ക് മുൻപ് സമാനമായ രീതിയിൽ പുളിയന്മല താജ് എസ്റ്റേറ്റിലെ തൊഴിലാളികളും പുലിയെ കണ്ടെന്ന് അറിയിച്ചിരുന്നു. ജനങ്ങൾ പരിഭ്രാന്തരായതോടെ പുളിയന്മല മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചാണ് നിരീക്ഷണം തുടരുക. കൂടാതെ, പുലിയെ പിടികൂടുന്നതിന് ആവശ്യമായ മുൻകരുതലുകളും വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ വന്യജീവി ശല്യം തടയുന്നതിനായി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Also Read: തോറ്റ എസ്എഫ്ഐ നേതാവിന് എംകോമിന് പ്രവേശനം: വീണ്ടും വ്യാജ ഡിഗ്രി വിവാദം, ഇടപെട്ട് സിപിഎം
Post Your Comments