പത്തനംതിട്ട: ഹെൽമറ്റ് ഇല്ലാതെ കാർ ഓടിച്ചതിന് കുമ്പഴ സ്വദേശിക്ക് എംവിഡിയുടെ പിഴ. കെഎൽ 3എഎ 9254 നമ്പർ കാറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തുവെന്ന പേരിൽ വാഹന ഉടമ സാമുവലിനാണ് പിഴ അടയ്‌ക്കുന്നതിനായി നോട്ടീസ് ലഭിച്ചത്.
വായ്പ ആവശ്യത്തിനായി ബാങ്കിൽ എത്തിയപ്പോഴാണ് 500 രൂപ പെറ്റി അടയ്‌ക്കാൻ ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ തനിയ്‌ക്ക് ഇത്തരത്തിൽ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പെറ്റി അടയ്‌ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പിഴയുള്ളതായി രേഖകൾ കാണിക്കുന്നുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടര്‍ന്ന്, ആർടി ഓഫീസിൽ എത്തി പരിശോധിച്ചപ്പോഴാണ് പത്തനംതിട്ട ട്രാഫിക് പോലീസാണ് പെറ്റി അടിച്ചതെന്ന് കണ്ടെത്തിയത്. വണ്ടിയുടെ ആർസി ബുക്കിന്റെ കോപ്പി കാണിച്ച് ഇത് കാർ ആണെന്നും ഹെൽമറ്റ് ഇല്ലാതെ ഓടിക്കാവുന്ന വാഹനമാണെന്നും വിശദീകരിച്ചു. എന്നാൽ പോലീസിനെ സമീപിക്കാൻ പറഞ്ഞ് മോട്ടോർ വാഹന വകുപ്പ് കയ്യൊഴിയുകയായിരുന്നു.
സാമുവൽ പോലീസ് സ്‌റ്റേഷനിലെത്തി എല്ലാ രേഖകളും കാണിച്ച് പിഴ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതിയിലേക്ക് അയച്ചിതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു അധികൃതർ അറിയിച്ചത്. രേഖകൾ കോടതിയിൽ ഹാജരാക്കി പിഴ ഒഴിവാക്കി കിട്ടാൻ കേസ് ഫയൽ ചെയ്യാനായിരുന്നു നിർദ്ദേശം.
കേസിന് പോയാൽ അതിന് കൂടുതൽ പണം ചെലവാകും. കൂടാതെ സമയവും നഷ്ടമാകുന്നതോടെ വായ്പ കിട്ടാനും വൈകും. ഇതോടെ, സാമുവൽ കോടതിയിൽ 500 രൂപ പെറ്റി അടയ്‌ക്കുകയായിരുന്നു.
Post Your Comments