കൊച്ചി: മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് പരാതി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാന്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ആദ്യ സെമസ്റ്ററില്‍ നൂറില്‍ നൂറ് മാര്‍ക്കും രണ്ടാം സെമസ്റ്ററില്‍ പൂജ്യം മാര്‍ക്കുമാണ് ലഭിച്ചതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വയംഭരണ പദവിയുള്ള മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പും മാര്‍ക്ക്ലിസ്റ്റ് തയ്യാറാക്കലും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ഗവര്‍ണറെ സമീപിച്ചത്.
മഹാരാജാസ് കോളേജില്‍ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ആര്‍ക്കിയോളജി എന്ന വിഷയത്തിലാണ് ആര്‍ഷോ പഠനം തുടരുന്നത്. ഒന്നാം സെമസ്റ്ററില്‍ ഒരു വിഷയത്തിന് നൂറില്‍ നൂറുമാര്‍ക്കും മറ്റ് വിഷയങ്ങള്‍ക്ക് എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. 100 മാര്‍ക്ക് കിട്ടിയ ഒരു വിഷയത്തിന് ഔട്ട്സ്റ്റാന്‍ഡിംഗ് ഗ്രേഡാണ് മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം സെമസ്റ്ററിന്റെ ഇന്റേണല്‍ പരീക്ഷകള്‍ക്ക് മുഴുവന്‍ മാര്‍ക്കായ 20 വരെ ലഭിച്ച ആര്‍ഷോയ്ക്ക് എഴുത്ത് പരീക്ഷയില്‍ പൂജ്യം മാര്‍ക്കായത് സംശയത്തിന് ഇട നല്‍കുന്നതാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
Post Your Comments