Latest NewsKeralaNews

അന്ന് കരിഓയില്‍ ഒഴിച്ചും ചെകിട്ടത്തടിച്ചും ഓടിച്ചു, ഇന്ന് കടംവാങ്ങാന്‍ ഇരക്കുന്നു: പരിഹസിച്ച് കെ സുധാകരൻ

സിപിഎം നിറംമാറുന്നതുപോലെ മാറാന്‍ ഓന്തിനുപോലും കഴിയില്ല.

തിരുവനന്തപുരം: ലോകബാങ്ക് ആസ്ഥാത്തെത്തി ചർച്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. നേരത്തെ എ ഡി ബിയുടെയും ലോകബാങ്കിന്റെയും പ്രതിനിധികളെ കരിഓയില്‍ ഒഴിച്ചും ചെകിട്ടത്തടിച്ചും കേരളത്തില്‍ നിന്നോടിച്ച സി പി എമ്മിന്‍റെ മുഖ്യമന്ത്രി ലോകബാങ്ക് ആസ്ഥാനെത്തത്തി കടംവാങ്ങാന്‍ ഇരന്നത് നിലപാടുകളില്‍ മലക്കംമറിഞ്ഞാണെന്നാണ് സുധാകരൻ അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ സി പി എം നിറംമാറുന്നതുപോലെ മാറാന്‍ ഓന്തിനുപോലും കഴിയില്ലെന്നും സുധാകരന്‍ പരിഹസിച്ചു.

read also: അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലേക്ക് തിരിച്ചു

സുധാകരന്‍റെ പ്രസ്താവന പൂർണ്ണ രൂപം

എ ഡി ബിയുടെയും ലോകബാങ്കിന്റെയും പ്രതിനിധികളെ കരിഓയില്‍ ഒഴിച്ചും ചെകിട്ടത്തടിച്ചും കേരളത്തില്‍ നിന്നോടിച്ച സി പി എമ്മിന്റെ മുഖ്യമന്ത്രി യു എസ് സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ആസ്ഥാനെത്തത്തി കടംവാങ്ങാന്‍ ഇരന്നത് നിലപാടുകളില്‍ മലക്കംമറിഞ്ഞാണ്.

കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍പോലും സി പി എം ലോകബാങ്കിനും എ ഡി ബിക്കുമെതിരേ ഏറെനാള്‍ ഉറഞ്ഞു തുള്ളിയിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ നടത്തിയ പ്രസംഗങ്ങള്‍ക്കും എഴുത്തുകള്‍ക്കും കയ്യും കണക്കുമില്ല.

സിപിഎം നിറംമാറുന്നതുപോലെ മാറാന്‍ ഓന്തിനുപോലും കഴിയില്ല. സര്‍ക്കാരിന്റെ ആധുനികവത്കരണത്തിനുള്ള എം ജി പി പ്രോഗ്രാമില്‍ 1200 കോടി രൂപയുടെ വിദേശവായ്പ എടുക്കാന്‍ 2001 ല്‍ യു ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷം വമ്പിച്ച പ്രക്ഷോഭം നടത്തി. എ ഡി ബി സംഘത്തെ ഡി വൈ എഫ്‌ ഐക്കാര്‍ കരിഓയില്‍ ഒഴിച്ച് ഓടിച്ചുവിടുകയും അവരുടെ ഓഫീസ് തച്ചുടക്കുകയും ചെയ്തു. എം ജി പി സെക്രട്ടറി കെ എം ഏബ്രാഹാമിന്‍റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കണമെന്ന് വി എസ് പ്രസംഗിച്ചപ്പോള്‍ പിണറായിയും കോടിയേരിയും ആര്‍ത്തുചിരിച്ചെന്നും സുധാകരൻ ചൂണ്ടികാട്ടി.

2006 ല്‍ വി എസ് സര്‍ക്കാര്‍ വിദേശവായ്പാ നടപടികളുമായി മുന്നോട്ടുപോകുകയും 1200 കോടി രൂപ വാങ്ങിയെടുക്കുകയും ചെയ്തപ്പോള്‍ സി പി എമ്മിന്‍റെ ഇരട്ടത്താപ്പ് ഒരിക്കല്‍ക്കൂടി പുറത്തുവന്നു. 5 നഗരസഭകളുടെ വികസനത്തിനാണ് ഈ തുക വിനിയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 1998 ലാണ് വിദേശവായ്പക്ക് ശ്രമം ആരംഭിച്ചത്. അവരുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചു കൊണ്ടായിരുന്നു ഇത്. ആ വര്‍ഷം പൊഖ്‌റാന്‍ ആണവപരീക്ഷണത്തെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ആ വായ്പ അന്നു ലഭിക്കാതെ പോയത്.

അമേരിക്കയിലെ വിഖ്യാതമായ ജോണ്‍സ് ഹോപ്കിന്‍സിന് ഏഷ്യന്‍ കാമ്പസ് തുടങ്ങാന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ധാരണയായപ്പോഴും സി പി എം ഉറഞ്ഞു തുള്ളി. മൂന്നാറില്‍ 72 ഏക്കറില്‍ 700 കോടി രൂപ മുടക്കി തുടങ്ങാനിരുന്ന കൂറ്റന്‍ ആശുപത്രിയായിരുന്നു ഇതെങ്കിലും സി പി എം പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ സിംഗപ്പൂരിലേക്ക് ഓടിരക്ഷപ്പെട്ടു. ഇന്നത് ലോകത്തിലെ ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രം കൂടിയാണ്. അതുണ്ടായിരുന്നെങ്കില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അമേരിക്കയിലേക്ക് കൂടെക്കൂടെ ഓടാതെ മൂന്നാറിൽ ചികിത്സ നടത്താമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button